മുല്ലപ്പെരിയാര്‍ : ഇന്ന് കേരളത്തിന്റെ ചങ്കിടിപ്പിക്കുന്ന ഭീതി

മുല്ലപ്പെരിയാര്‍….. ഇന്ന് കേരളത്തിന്റെ ചങ്കിടിപ്പിക്കുന്ന ഭീതിയാണിത്. മുല്ലപ്പെരിയാറിനെ ഓര്‍ത്ത് ഉറക്കം നഷ്ടപ്പെട്ട ഒരു ജനതയാണ് ഇവിടെയുള്ളത്.കാലവര്‍ഷത്തിനു പിന്നാലെ തുലാവര്‍ഷവും ശക്തിപ്പെടുകയാണ്. അതിതീവ്ര മഴയുടെ സംഹാരതാണ്ഡവം കേരളം പലവട്ടം കണ്ടുകഴിഞ്ഞു. കൂട്ടിക്കലില്‍ പെയ്ത മഴ മുല്ലപ്പെരിയാറില്‍ പെയ്താല്‍ അണക്കെട്ടിനെ എങ്ങനെ ബാധിക്കുമെന്നതും ഭീതി പടര്‍ത്തുന്ന ചോദ്യം തന്നെയാണ്. അനാവശ്യ ഭീതി നമുക്ക് വേണ്ടന്നത് ശരിയാണ് പക്ഷേ, അരുതാത്തത് സംഭവിച്ചു കഴിഞ്ഞാല്‍ എന്തൊക്കെയാണ് അവശേഷിക്കുക എന്നതും ചിന്തിക്കുക തന്നെ വേണം.

മഴ, വിവിധ ഡാമുകളിലെ ജലനിരപ്പ് എന്നിവ നിലവില്‍ സൂഷ്മ നിരീക്ഷണത്തിലാണുള്ളത്. ഓരോ ഡാമിലും നിശ്ചിത ജലനിരപ്പു കഴിഞ്ഞാല്‍ യെല്ലോ, ഓറഞ്ച്, റെഡ് അലര്‍ട്ടുകള്‍ നല്‍കുന്നുണ്ട്. അതനുസരിച്ചു മറ്റു ഡാമുകളിലെ ജലനിരപ്പും കുറച്ചു നിര്‍ത്തും. ഡാമിന് എന്തെങ്കിലും സംഭവിച്ചാല്‍ ജലം ഏതൊക്കെ മേഖലകളില്‍ എത്തും ഏതൊക്കെ മേഖലകള്‍ മുങ്ങാം എന്നതൊക്കെ കണ്ടെത്തി. ഓരോ സ്ഥലത്തും അവ പ്രത്യേകം മാര്‍ക്കു ചെയ്യുന്നുണ്ട്. ജാഗ്രതാ നിര്‍ദേശം നല്‍കുമ്പോള്‍, മുങ്ങാന്‍ സാധ്യതയുള്ള മേഖലകളില്‍ നിന്ന് ആളുകളെ മാറ്റുന്നതിനും ഭരണകൂടം പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ ജനങ്ങള്‍ക്കാണ് മുല്ലപ്പെരിയാര്‍ ഭീഷണി ഉയര്‍ത്തുന്നത്.

പ്രളയജലം പെരിയാറിലൂടെ ഒഴുകും. മുല്ലപ്പെരിയാറിനു താഴെ പെരിയാറിലുള്ള ഇടുക്കി, ചെറുതോണി, കുളമാവ്, ലോവര്‍ പെരിയാര്‍, ഭൂതത്താന്‍കെട്ട് എന്നീ ഡാമുകള്‍ക്കും ഭീഷണിയാകും. പെരിയാര്‍ കായലില്‍ ചേരുന്ന വരാപ്പുഴ ഭാഗത്ത് ജലനിരപ്പ് 5 മീറ്റര്‍ വരെ ഉയരാമെന്നാണു പഠനം. മുല്ലപ്പെരിയാറിന് 47 കിലോമീറ്റര്‍ താഴെയാണ് ഇടുക്കി ഡാം. മുല്ലപ്പെരിയാറിനെന്തെങ്കിലും സംഭവിച്ചാല്‍ പ്രളയജലവും മറ്റും ഒഴുകി ഇടുക്കി ഡാമില്‍ എത്തും. ഈ പ്രളയം താങ്ങാന്‍ ഇടുക്കി ഡാമിനു കഴിയില്ല. ചെറുതോണി ഡാമിനു മാത്രമാണു സ്പില്‍വേയുള്ളത്. ഇടുക്കി, കുളമാവ് ഡാമുകള്‍ക്കു സ്പില്‍വേയില്ല. ചെറുതോണി ഡാമിന്റെ സ്പില്‍വേയിലൂടെ മാത്രം ഈ പ്രളയജലം പുറത്തേക്ക് ഒഴുക്കാന്‍ കഴിയില്ല. മൂന്നു ഡാമുകള്‍ക്കും മുകളിലൂടെ പ്രളയജലം ഒഴുകും. ഈ ഡാമുകളുടെ സുരക്ഷയെ അവ ബാധിക്കും. സമാനമായ രീതിയില്‍ ലോവര്‍ പെരിയാര്‍, ഭൂതത്താന്‍കെട്ട് ഡാമുകളെയും ബാധിക്കും. ഭയപ്പെടുത്തുന്ന കാര്യം തന്നെയാണിത്.കേരളം ആഗ്രഹിച്ച വിധിയല്ല സുപ്രീം കോടതിയില്‍ നിന്നും ഉണ്ടായിരിക്കുന്നത് എന്നത് വ്യക്തമാണ്. ഇതിന് പിന്നിലെ കാരണങ്ങള്‍ കണ്ടെത്തി തുടര്‍ നടപടികളും അനിവാര്യമാണ്.മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പരമാവധി ജലനിരപ്പ് 136 അടിയില്‍ നിലനിര്‍ത്തണമെന്ന കേരളത്തിന്റെ ആവശ്യം തള്ളിക്കൊണ്ട് അണക്കെട്ടിന്റെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്തണമെന്നും തുടര്‍ന്ന് 152 അടിയില്‍ എത്തിക്കുന്നതിനുവേണ്ട നടപടികള്‍ എടുക്കണമെന്നും പ്രഖ്യാപിച്ചത് സുപ്രീംകോടതിയാണ്. ഈ ഉത്തരവ് ഏകപക്ഷീയവും ആത്മഹത്യാപരവുമാണെന്ന് ഏറ്റവും ശക്തമായി തുറന്നടിച്ചത് പ്രതിപക്ഷ നേതാവായിരിക്കെ വി.എസ് അച്ചുതാനന്ദനാണ്. നിയമസഭയില്‍ മുല്ലപ്പെരിയാര്‍ വിഷയം വി.എസ് അവതരിപ്പിച്ചപ്പോള്‍ നെറ്റി ചുളിച്ചവര്‍ക്കും ഭാവനാ സൃഷ്ടിയായി വിലയിരുത്തിയവരും പിന്നീട് ആ വാക്കുകള്‍ ഏറ്റെടുത്തതും ഈ കേരളം കണ്ടതാണ്.

”ഒരു ഫെഡറല്‍ സംവിധാനം നിലനില്‍ക്കുന്ന നമ്മുടെ രാജ്യത്ത് തമിഴ്‌നാട് സംസ്ഥാനത്തിന്റേത് എന്നതുപോലെ കേരളത്തിന്റെ താല്‍പ്പര്യങ്ങളും സംരക്ഷിക്കാന്‍ സുപ്രീംകോടതിയ്ക്ക് ബാധ്യതയുണ്ടായിരുന്നു എന്നാണ് വി.എസ് തുറന്നടിച്ചിരുന്നത്. ഈ കേസ് സുപ്രീംകോടതിയുടെ ഭരണഘടനാബഞ്ചിന് കൈമാറുന്നതിനുളള നടപടികള്‍ ഉടന്‍ സ്വീകരിക്കണെമെന്ന് അന്ന് സര്‍ക്കാറിനോട് താന്‍ ആവശ്യപ്പെട്ട കാര്യവും ശക്തമായ നിലപാടും വി.എസ് തന്നെയാണ് ഇപ്പോള്‍ വീണ്ടും ഓര്‍മ്മപ്പെടുത്തിയിരിക്കുന്നത്. മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന്റെ താല്‍പ്പര്യങ്ങള്‍ വേണ്ടതുപോലെ സുപ്രീംകോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ അന്നത്തെ സര്‍ക്കാര്‍ പരാജയപ്പെട്ടു എന്നും വി.എസ് ചൂണ്ടിക്കാട്ടുകയുണ്ടായി. കൈക്കൂലിയ്ക്കും അഴമതിയ്ക്കും പേരുകേട്ട ഒരു ചീഫ് എഞ്ചിനീയര്‍ ആയിരുന്നു ഈ സുപ്രധാന വിഷയം കൈകാര്യം ചെയ്തിരുന്നത്. ഇയാള്‍ പിന്നീട് സസ്‌പെന്‍ഷനിലായ കാര്യവും വി.എസ് ഓര്‍മ്മിപ്പിച്ചിട്ടുണ്ട്. ഈ ഉദ്യോഗസ്ഥന്‍ നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ക്ക് വഴങ്ങി കേരളത്തിന്റെ ആവശ്യങ്ങള്‍ സംസ്ഥാനത്തിനു വേണ്ടി കേസ് വാദിച്ച അഭിഭാഷകരെ യഥാസമയം അറിയിക്കുന്നതില്‍ വീഴ്ചവരുത്തിയുണ്ടാകും എന്നാണ് വി.എസ് പറയുന്നത്.

അന്നത്തെ സുപ്രീംകോടതി വിധിയെ 2014ല്‍ നിയമഭേദഗതി കൊണ്ടുവന്നാണ് കേരളം നേരിട്ടിരുന്നത്. ജലനിരപ്പ് 136 അടിയായി കുറക്കാനായിരുന്നു തീരുമാനം. കേരളം പാസാക്കിയ നിയമം ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ ഹര്‍ജി എത്തിയതോടെയാണ് മുല്ലപ്പെരിയാര്‍ സംസ്ഥാനങ്ങള്‍ക്കിടയിലെ നേരിട്ടുള്ള തര്‍ക്കമായി മാറിയിരുന്നത്. തുടര്‍ന്ന് കേരളം കൊണ്ടുവന്ന നിയമം റദ്ദാക്കിയ സുപ്രീംകോടതി ജലനിരപ്പ് 142 അടിയാക്കി ഉയര്‍ത്താമെന്നും വിധിച്ചു. അണക്കെട്ടിന്റെ മേല്‍നോട്ടത്തിനായി ഒരു സമിതിക്കും രൂപം നല്‍കുകയുണ്ടായി. ഈ സമിതിയും തമിഴ്‌നാടുമായുള്ള പാട്ടക്കരാറും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളാണ് സുപ്രീംകോടതിയില്‍ ഇപ്പോഴുള്ളത്. സമീപകാല ദുരന്തങ്ങള്‍ ചൂണ്ടിക്കാട്ടി ജലനിരപ്പ് 139 അടിക്ക് താഴെ നിര്‍ത്തണമെന്ന ആവശ്യമാണ് കേരളം ഉന്നയിക്കുന്നത്. സുപ്രീംകോടതി വിധി മറികടക്കാന്‍ കേരള നിയമസഭ നിയമം പാസാക്കുമ്പോള്‍ അണക്കെട്ടിന്റെ ബലക്ഷയത്തെ കുറിച്ച് ശാസ്ത്രീയ പഠനങ്ങളൊന്നും തന്നെ കേരളത്തിന്റെ പക്കലില്ലായിരുന്നു. എന്നാല്‍ ഇന്നത്തെ സ്ഥിതി അതല്ല.

ഡല്‍ഹി, റൂര്‍ക്കി ഐഐടികള്‍ കേരളത്തിന് വേണ്ടി പഠനം നടത്തിയിട്ടുണ്ട്. മുല്ലപ്പെരിയാറില്‍ ഭൂകമ്പസാധ്യതയുണ്ടെന്നും റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രവതയില്‍ ഭൂകമ്പം ഉണ്ടായാല്‍ അണക്കെട്ട് പൊട്ടുമെന്നുമാണ് റൂര്‍ക്കി ഐഐടി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. 24 മണിക്കൂറില്‍ മൂന്നുലക്ഷം ഘനയടി വെള്ളം മുല്ലപ്പെരിയാറില്‍ എത്തിയാല്‍ അണക്കെട്ട് തകരുമെന്നാണ് ഡല്‍ഹി ഐഐടിയും കണ്ടെത്തിയിരിക്കുന്നത്. 1943ല്‍ 2 ലക്ഷം ഘനയടി വെള്ളം ഒരു ദിവസം കൊണ്ട് മുല്ലപ്പെരിയാറിലെത്തിയിട്ടുണ്ട്. എന്നാല്‍ ഈ വാദങ്ങളെല്ലാം തന്നെ 2014 ലെ വിധിയില്‍ സുപ്രീംകോടതി തള്ളിക്കളഞ്ഞിട്ടുള്ളതാണ്. ഇപ്പോള്‍ അണക്കെട്ടിന്റെ ബലക്ഷയത്തെ കുറിച്ച് ഐക്യരാഷ്ട്ര സഭയുടെ അക്കാദമിക് വിഭാഗത്തിന്റെ റിപ്പോര്‍ട്ടു കൂടി പുറത്തുവന്ന സാഹചര്യത്തില്‍ കേരളത്തെ സംബന്ധിച്ച് പ്രതീക്ഷക്ക് അല്പം വകയൊക്കെ ഉണ്ട്. തമിഴ്‌നാട് എന്തൊക്കെ വാദം ഉന്നയിച്ചാലും കാലപഴക്കം എന്നത് മുല്ലപ്പെരിയാറിനെ സംബന്ധിച്ച് വലിയ സുരക്ഷ ഭീഷണി തന്നെയാണ്.മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പരമാവധി ജലനിരപ്പ് 136 അടിയില്‍ നിലനിര്‍ത്തേണ്ടത് കേരളത്തിന്റെ നിലനില്‍പ്പുന്നു തന്നെ അനിവാര്യമാണ്. തല്‍ക്കാലം 2018ലെ പ്രളയസമയത്ത് ജലനിരപ്പ് 139 അടിയായി നിലനിര്‍ത്തണമെന്ന സുപ്രീം കോടതി ഉത്തരവിന് സമാനമായ ഒരു ഉത്തരവെങ്കിലും കേരളത്തിന് ഉടനെ ലഭിക്കേണ്ടതുണ്ട്. കാലപ്പഴക്കം, ബലക്ഷയം, ചോര്‍ച്ച എന്നിവയാണു ഡാം നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍ ഡാമിന്റെ നിലനില്‍പ്പു തന്നെ ഇവയെ ആശ്രയിച്ചാണ്.

ഗ്രാവിറ്റി ഡാമാണു മുല്ലപ്പെരിയാര്‍. ഡാമിന്റെ ഭാരത്തെ ആശ്രയിച്ചാണു ബലവും സുരക്ഷയും ഉള്ളത്. കോണ്‍ക്രീറ്റിനു പകരം ലൈം സുര്‍ക്കി മിശ്രിതം ഉപയോഗിച്ചാണു ഡാം നിര്‍മിച്ചിരിക്കുന്നത്. ആദ്യം ബലക്ഷയമുണ്ടായപ്പോള്‍ കോണ്‍ക്രീറ്റ് മിശ്രിതം ഉപയോഗിച്ചു ബലപ്പെടുത്തുകയാണ് ഉണ്ടായത്. പഴയ ഡാമിന്റെ പുറംഭാഗത്തായാണു കോണ്‍ക്രീറ്റിട്ടു ബലപ്പെടുത്തിയിരിക്കുന്നത്. പഴയ ലൈം സുര്‍ക്കി ഡാമും ബലപ്പെടുത്തിയ കോണ്‍ക്രീറ്റ് ഭാഗവും തമ്മില്‍ ശരിക്കും വിടവുണ്ട്. ഇവ ഒറ്റ അണക്കെട്ടായി ഒരിക്കലും പ്രവര്‍ത്തിക്കില്ലന്നാണ് വിദഗ്ദരും ചൂണ്ടിക്കാട്ടുന്നത്. സുര്‍ക്കി കോണ്‍ക്രീറ്റ് വിടവ് ഡാമിന്റെ അടിത്തട്ട് എന്നിവയിലൂടെ വെള്ളം ചോര്‍ന്നു കൊണ്ടിരിക്കുകയാണ്. ഈ വെള്ളത്തിലൂടെ ലൈം സുര്‍ക്കി മിശ്രിതത്തിലെ ലൈം അതായത് കുമ്മായം വലിയ രൂപത്തില്‍ ഒഴുകിപ്പോകുന്നുണ്ട്. വര്‍ഷം 35 ടണ്‍ ലൈം ഒഴുകിപ്പോകുന്നുവെന്നു തമിഴ്‌നാട് തന്നെ സമ്മതിച്ച കാര്യവും

നാം ഓര്‍ക്കണം. വര്‍ഷങ്ങളായി ലൈം നഷ്ടപ്പെട്ടതുമൂലം ഡാമിന്റെ ഭാരം കുറഞ്ഞു വരികയാണ്. ഇതുമൂലമാണ് ബലക്ഷയം സംഭവിച്ചിരിക്കുന്നത്. വെള്ളം താങ്ങാനുള്ള ശേഷിയും കുറഞ്ഞു കഴിഞ്ഞു. മുല്ലപ്പെരിയാര്‍ ഡാമിനു ഭൂചലനത്തെ നേരിടാനുള്ള ശേഷിയില്ല. 1886ല്‍ നിര്‍മിച്ചപ്പോള്‍ അത്തരം ഒരു നിര്‍മാണരീതി തന്നെ ലഭ്യമായിരുന്നില്ല. പ്രളയം, കാലപ്പഴക്കം, ഭൂചലനം എന്നിവ മൂലം ഏതെങ്കിലും തരത്തില്‍ സമ്മര്‍ദമുണ്ടായാല്‍ അത് ഡാമിനെയാണ് ബാധിക്കുക. ഭൂചലനത്തെ പ്രതിരോധിക്കാന്‍ അണക്കെട്ടിനു ഒരിക്കലും കഴിയുകയില്ല. റൂര്‍ക്കി ഐഐടി നടത്തിയ പഠനത്തില്‍ 1900ല്‍ കോയമ്പത്തൂരില്‍ റിക്ടര്‍ സ്‌കെയിലില്‍ 6 തീവ്രതയുള്ള ഭൂചലനം ഉണ്ടായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ഭ്രംശ രേഖ മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്നു 16 കിലോമീറ്റര്‍ അകലെയാണ്. ഇനിയൊരു ഭൂചലനമുണ്ടായാല്‍ ഡാമിന്റെ ഉറപ്പിനെ ബാധിക്കുമെന്ന് പറയുന്നതും അതു കൊണ്ടു തന്നെയാണ്.