കേരളത്തില്‍ മാത്രം നാനൂറിലേറെ തിയേറ്ററുകളില്‍ ‘കുറുപ്പ്’

ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രമാണ് ‘കുറുപ്പ്’. പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ കഥ പറയുന്ന ചിത്രത്തിന്റെ ബജറ്റ് 35 കോടിയാണ്. നവംബര്‍ 12നാണ് ചിത്രം തിയറ്ററുകളില്‍ എത്തുക. മികച്ച ഒടിടി ഓഫര്‍ വേണ്ടെന്നുവച്ച് തിയറ്റര്‍ റിലീസ് തെരഞ്ഞെടുത്ത ചിത്രമാണിത്. ചിത്രത്തിന് മികച്ച വരവേല്‍പ്പ് നല്‍കാന്‍ ഒരുങ്ങുകയാണ് തിയറ്റര്‍ ഉടമകള്‍. കേരളത്തില്‍ മാത്രം ചിത്രത്തിന് നാനൂറിലേറെ തിയറ്ററുകളില്‍ റിലീസ് ഉണ്ടാവുമെന്നാണ് അറിയുന്നത്.

ദുല്‍ഖറിന്റെ അരങ്ങേറ്റചിത്രമായിരുന്ന ‘സെക്കന്‍ഡ് ഷോ’യുടെ സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലുമായാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെയറര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടെയ്!ന്‍!മെന്റ്‌സും ചേര്‍ന്നാണ് നിര്‍മ്മാണം. കേരളം, അഹമ്മദാബാദ്, മുംബൈ, ദുബൈ, മംഗളൂരു, മൈസൂരു എന്നിവിടങ്ങളിലായി ആറു മാസം നീണ്ടുനിന്ന ചിത്രീകരണമാണ് ചിത്രത്തിനു വേണ്ടി നടത്തിയത്. 105 ദിവസങ്ങള്‍ പൂര്‍ണമായും ഷൂട്ടിങ്ങിനായി ചിലവഴിച്ചു.

ജിതിന്‍ കെ ജോസിന്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിന്‍ ശ്യാം സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വ ലാലും കുറുപ്പിന് പിന്നിലുണ്ട്. കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്ഷന്‍ ഡിസൈനിനുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. മറ്റൊരു ദേശീയ അവാര്‍ഡ് ജേതാവായ വിവേക് ഹര്‍ഷനാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. മൂത്തോന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധൂലിപാലയാണ് ചിത്രത്തിലെ നായിക. ഇന്ദ്രജിത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്‍, പി ബാലചന്ദ്രന്‍, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.