സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള അധികഭൂമി പിടിച്ചെടുക്കുമെന്ന് മന്ത്രി കെ.രാജന്‍

പത്തനംതിട്ട: പരിധിയിലധികമായി സ്വകാര്യ വ്യക്തികള്‍ കൈവശം വച്ചിരിക്കുന്ന ഭൂമി പിടിച്ചെടുക്കുമെന്നു റവന്യു മന്ത്രി കെ.രാജന്‍. ഭൂരഹിതരില്ലാത്ത കേരളം യാഥാര്‍ഥ്യമാകുമ്പോള്‍ അധിക ഭൂമി പിടിച്ചെടുക്കല്‍ നടപടി കൂടി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ റീ സര്‍വേയ്ക്കാണ് റവന്യു വകുപ്പ് നടപടി തുടങ്ങിയിരിക്കുന്നത്. ഇതിനായി 807 കോടി രൂപയാണ് ചെലവഴിക്കുക.

ഭൂമിയുടെ അതിരുകള്‍ കൃത്യമായി കണക്കാക്കാനും തുടര്‍ നിരീക്ഷണങ്ങള്‍ക്കുമായി സംസ്ഥാനത്ത് 28 ടവറുകള്‍ സ്ഥാപിക്കും. ഇതില്‍ നിന്നുള്ള സിഗ്‌നലുകള്‍ കൂടി ഉപയോഗിച്ചാണ് ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തിയാക്കുക. ഒരേ വ്യക്തി പല തണ്ടപ്പേരില്‍ ഭൂമി സ്വന്തമാക്കുന്നതിന് അവസാനമാകും. ഇനി കേരളത്തില്‍ എവിടെ ഭൂമി വാങ്ങിയാലും ഒരേ തണ്ടപ്പേരായിരിക്കും. തണ്ടപ്പേരും ആധാര്‍ നമ്പരുമായി ബന്ധിപ്പിച്ച ശേഷമായിരിക്കും റജിസ്‌ട്രേഷന്‍ നടപടിള്‍ പൂര്‍ത്തിയാക്കുക.

ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തിയാകുന്നതോടെ ഭൂമി റജിസ്റ്റര്‍ ചെയ്യുന്നതിലെ സങ്കീര്‍ണത അവസാനിക്കും. ഭൂമി റജിസ്റ്റര്‍ ചെയ്യുമ്പോള്‍തന്നെ പോക്കുവരവ് നടത്താനും സ്ഥലത്തിന്റെ ഭൂപടം ഡൗണ്‍ലോഡ് ചെയ്‌തെടുക്കാനും സാധിക്കും. സേവനങ്ങള്‍ക്കായി വില്ലേജ് ഓഫിസുകളില്‍ വരിനില്‍ക്കേണ്ട അവസ്ഥ വരില്ല. ഭൂരേഖകള്‍ കൈ രേഖ പോലെ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.