സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കലിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി; വി ശിവന്‍കുട്ടി

തിരുവനന്തപുരം: സ്‌കൂള്‍ തുറക്കലിനായുള്ള എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കിയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. നവംബര്‍ ഒന്നിന് കോട്ടണ്‍ ഹില്‍ എല്‍.പി സ്‌കൂളില്‍ സംസ്ഥാന തല പ്രവേശനോത്സവം നടക്കും. സ്‌കൂള്‍ തുറക്കുന്നത് സംബന്ധിച്ച് ആര്‍ക്കും ആശങ്ക വേണ്ട. ആദ്യ രണ്ടാഴ്ച്ച ഹാജര്‍ ഉണ്ടാകില്ല. ആദ്യ ആഴ്ചകളില്‍ കുട്ടികളുടെ ആത്മവിശ്വാസം കൂട്ടുന്ന പഠനം മാത്രമായിരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

പ്രവേശനോത്സവത്തോടെയാണ് നവംബര്‍ ഒന്നിന് സ്‌കൂള്‍ തുറക്കുന്നത്. സംസ്ഥാന ഉദ്ഘാടനം തിരുവനന്തപുരത്തെ കോട്ടണ്‍ ഹില്‍ എല്‍.പി സ്‌കൂളില്‍ രാവിലെ 8.30 ന് നടക്കും. എല്ലാ സ്‌കുളുകളിലും കൊവിഡ് മാനദണ്ഡം പാലിച്ച് പ്രവേശനോത്സവം നടത്തുമെന്നും വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.

15452 സ്‌കൂളില്‍ 104 സ്‌കൂളുകളിലാണ് ഇനിയും ശുചീകരണം പൂര്‍ത്തിയാക്കാനുള്ളത്. 1474 സ്‌കൂള്‍ ബസ്സുകള്‍ ശരിയാക്കാനും ഉണ്ടെന്നും ഇത് ഉടന്‍ തീര്‍ക്കുമെന്നും മന്ത്രി പറഞ്ഞു. കൂടാതെ, രണ്ട് ഡോസ് വാക്‌സിന് എടുക്കാത്ത രക്ഷിതാക്കളുടെ മക്കളെ സ്‌കൂളില്‍ അയക്കേണ്ട എന്ന നിര്‍ദേശം നല്‍കിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

24000 തെര്‍മല്‍ സ്‌കാനറുകള്‍ സ്‌കൂളുകള്‍ക്ക് നല്‍കിട്ടുണ്ട്. സോപ്പ്, ബക്കറ്റ് എന്നിവ വാങ്ങാന്‍ 2.85 കോടി രൂപ സ്‌കൂളുകള്‍ക്ക് അനുവദിച്ചത്. സ്‌കൂള്‍ അറ്റക്കുറ്റപണിക്കായി 10 ലക്ഷം വീതം നല്‍കും. ആദ്യ ആഴ്ചത്തെ ക്ലാസുകള്‍ ക!ഴിഞ്ഞ് സ്ഥിതിഗതികള്‍ വിലയിരുത്തും അതിനനുസരിച്ചാകും തുടര്‍ നടപടിയെന്നും മന്ത്രി വ്യക്തമാക്കി.