ന്യൂഡല്‍ഹി: കൊവിഡിനെത്തുടര്‍ന്ന് വെട്ടിക്കുറച്ച രാജ്യത്തെ ഹജ്ജ് എംബാര്‍ക്കേഷന്‍ കേന്ദ്രങ്ങള്‍ പുനഃസ്ഥാപിക്കില്ല. ഇതിനെത്തുടര്‍ന്ന് എംബാര്‍ക്കേഷന്‍ കേന്ദ്രങ്ങളില്‍ നിന്ന് ഇത്തവണയും കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തെ ഒഴിവാക്കി. കൊച്ചിയില്‍ നിന്ന് മാത്രമാണ് ഇത്തവണയും ഹജ്ജ് തീര്‍ത്ഥാടനത്തിന് അനുമതിയുള്ളത്. മലബാര്‍ മേഖലയില്‍ നിന്ന് നിരവധിപേര്‍ അപേക്ഷിക്കുന്നതിനാല്‍ കരിപ്പൂര്‍ വിമാനത്താവളവും ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമായിരുന്നു.
അതേസമയം ഹജ്ജ് തീര്‍ത്ഥാടനത്തിനുള്ള മാര്‍ഗരേഖ കേന്ദ്രവിദേശകാര്യമന്ത്രാലയം പുറത്തിറക്കി. ജനുവരി 31 വരെ ഹജ്ജ് തീര്‍ത്ഥാടത്തിന് അപേക്ഷിക്കാം. അപേക്ഷകള്‍ പൂര്‍ണമായും ഡിജിറ്റലാക്കിയിട്ടുണ്ട്. മൊബൈല്‍ ആപ്പ് വഴിയും അപേക്ഷ സമര്‍പ്പിക്കാമെന്നും കേന്ദ്രവിദേശകാര്യമന്ത്രാലയം അറിയിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും ഇത്തവണയും ഹജ്ജ് തീര്‍ത്ഥാടനം. രണ്ട് വാക്‌സീന്‍ ഡോസും എടുത്തവര്‍ക്ക് മാത്രമേ ഹജ്ജിന് അനുമതിയുണ്ടാകൂ.
ഇത്തവണ സ്ഥിതി നിയന്ത്രണവിധേയമായതിനാല്‍ കഴിഞ്ഞ തവണത്തേത് പോലെ ബുദ്ധിമുട്ടേറിയ സാഹചര്യമുണ്ടാകില്ലെന്നാണ് ഹജ്ജ് മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.
 
            


























 
				
















