ഗതാഗതം തടഞ്ഞ് പ്രതിഷേധസമരം; 11 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

തിരുവനന്തപുരം: റോഡ് ഗതാഗതം തടഞ്ഞ് പ്രതിഷേധസമരം നടത്തിയ സംഭവത്തില്‍ 11 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. 15 കോണ്‍ഗ്രസ് നേതാക്കള്‍ അടക്കം 50 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

അതേസമയം, ജോജു ജോര്‍ജ് കോണ്‍ഗ്രസ് തര്‍ക്കം ഒത്തുതീര്‍പ്പാക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, എറണാകുളം എംപി ഹൈബി ഈഡന്‍ എന്നിവരുടെ നേത്യത്വത്തിലാണ് സമവായ ചര്‍ച്ചകള്‍ നടക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. പ്രശ്‌നം പരിഹരിക്കാന്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ ജോജുവുമായി ചര്‍ച്ച നടത്തിയതായി എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പ്രതികരിച്ചു.

ഇരു വിഭാഗത്ത് നിന്നുള്ളവരും തെറ്റുകള്‍ മനസിലാക്കിയെന്ന് വ്യക്തമാക്കിയാണ് ഡിസിസി പ്രസിഡന്റ് ഒത്ത് തീര്‍പ്പ് സംബന്ധിച്ച നടപടികള്‍ പുരോഗമിക്കുന്നതായി അറിയിച്ചത്. പ്രശ്‌നം പരിഹരിക്കാന്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ ജോജുവുമായി ചര്‍ച്ച നടത്തിയതായി ഡിസിസി പ്രസിഡന്റ് വ്യക്തമാക്കി. പരസ്പരം ക്ഷമിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണ്. ഇരുഭാഗത്ത് നിന്നും പെട്ടെന്നുണ്ടായ പ്രകോപനമാണ് അനിഷ്ട സംഭവങ്ങള്‍ കാരണം. തര്‍ക്കവുമായി ബന്ധപ്പെട്ടുള്ള രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ നിയമവഴിയില്‍ നടക്കുമെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.