കോണ്‍ഗ്രസുമായി ഒത്തുതീര്‍പ്പിനില്ല; കാര്‍ തകര്‍ത്ത കേസില്‍ നിയമനടപടികളുമായി ജോജു

കൊച്ചി: കോണ്‍ഗ്രസിന്റെ വഴിതടയല്‍ സമരത്തിനിടെ കാര്‍ തകര്‍ത്ത കേസില്‍ നടന്‍ ജോജു ജോര്‍ജ് നിയമനടപടികളുമായി മുന്നോട്ടുതന്നെ. കേസില്‍ കക്ഷി ചേരുന്നതിനായി ജോജു അപേക്ഷ നല്‍കി. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിലാണ് അപേക്ഷ നല്‍കിയത്.

കൂടാതെ, വ്യക്തി അധിക്ഷേപം തുടരുന്നത് കോടതി ഇടപെട്ട് തടയണമെന്നും ജോജുവിന്റെ അപേക്ഷയില്‍ പറയുന്നുണ്ട്.

അതേസമയം, നടന്‍ ജോജു ജോര്‍ജും കോണ്‍ഗ്രസും തമ്മിലുള്ള തര്‍ക്കം ഒത്തുതീര്‍പ്പിലേക്കെന്ന് വാര്‍ത്ത വന്നിരുന്നു. പ്രശ്നം പരിഹരിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ ചര്‍ച്ച നടത്തിയെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും പറഞ്ഞിരുന്നു.

പ്രശ്‌നം രമ്യമായി തീരുമെന്നാണ് പ്രതീക്ഷയെന്നും പെട്ടെന്നുള്ള പ്രകോപനത്തിന്റെ പേരിലുണ്ടായ തര്‍ക്കത്തിലെ കേസ് തുടരാന്‍ ജോജുവും താത്പര്യം പ്രകടിപ്പിക്കുന്നില്ലെന്നും ഷിയാസ് വ്യക്തമാക്കിയിരുന്നു. ജോജുവിന്റെ സുഹൃത്തുക്കളും കോണ്‍ഗ്രസ് നേതാക്കളും പ്രശ്‌ന പരിഹാരത്തിനായി ചര്‍ച്ചകള്‍ നടത്തിയെന്നും മുഹമ്മദ് ഷിയാസ് അറിയിച്ചിരുന്നു.