മുല്ലപ്പെരിയാര്‍ ഉത്തരവിലെ സര്‍ക്കാര്‍ വാദങ്ങള്‍ പൊളിയുന്നു

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ബേബി ഡാമിലെ വിവാദ മരംമുറി ഉത്തരവില്‍ സര്‍ക്കാര്‍ വാദങ്ങള്‍ പൊളിച്ച് കൂടുതല്‍ രേഖകള്‍ പുറത്ത്. മുല്ലപ്പെരിയാറിലെ ബേബി ഡാമിന് താഴെയുള്ള മരങ്ങള്‍ മുറിക്കാന്‍ നേരത്തെ തന്നെ ധാരണയായതിന് തെളിവ്.

സെപ്തംബര്‍ 17ന് ചേര്‍ന്ന സെക്രട്ടറി തല യോഗത്തില്‍ ഇത് സംബന്ധിച്ച് ധാരണയുണ്ടായതായി കേരളം സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിനൊപ്പമുള്ള കുറിപ്പില്‍ വിശദീകരിക്കുന്നു.

ഡോ. ജോ ജോസഫിന്റെ ഹര്‍ജിയിലെ ഇടക്കാല ഉത്തരവുമായി ബന്ധപ്പെട്ട് കേരളം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച നോട്ടിലാണ് നിര്‍ണായക വിവരമുള്ളത്. ഒക്ടോബര്‍ 27ന് സമര്‍പ്പിച്ച രേഖയില്‍ നിന്ന് സെപ്തംബര്‍ 17ന് ചേര്‍ന്ന സെക്രട്ടറി തല യോഗത്തില്‍ തന്നെ ബേബി ഡാം ബലപ്പെടുത്താന്‍ ധാരണയായെന്ന് വ്യക്തം.

ഇതിനാവശ്യമായ വസ്തുക്കള്‍ കൊണ്ടുപോകുന്നതിനും ഏതാനും മരങ്ങള്‍ മുറിക്കാനും തീരുമാനമായതായി കേരളം തന്നെ വിശദീകരിക്കുന്നു. മരം മുറിക്കുന്നതിനായുള്ള അപേക്ഷ നടപടി ക്രമം പാലിച്ച് സമര്‍പ്പിക്കാന്‍ തമിഴ്‌നാടിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇതുവരെ തമിഴ്‌നാട് അത് പാലിച്ചില്ലെന്നും നോട്ടില്‍ വ്യക്തമാക്കുന്നു.

പിന്നീട്, ഒക്ടോബര്‍ 30നാണ് തമിഴ്‌നാട് പര്‍വേശ് പോര്‍ട്ടല്‍ വഴി അപേക്ഷ സമര്‍പ്പിക്കുകയും ഈ മാസം അഞ്ചിന് അനുമതി നല്‍കി കൊണ്ടുള്ള വിവാദ ഉത്തരവ് പുറത്തിറക്കുകയും ചെയ്തത്. അതായത് സ്റ്റാലിന്‍ നന്ദി അറിയിക്കുന്നതിന് മുന്‍പേ തന്നെ മരം മുറിക്കാനുള്ള തീരുമാനം കേരളത്തിന് അറിയാമായിരുന്നുവെന്ന് കൂടി തെളിയിക്കപ്പെടുന്നു.