സി.പി.ഐ (എം) കേന്ദ്ര കമ്മറ്റിയിലേക്ക് പുതുമുഖങ്ങൾ

സി.പി.എം ഇരുപത്തി മൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ്സിനായി കണ്ണൂര്‍ ഒരുങ്ങുകയാണ്. കണ്ണൂര്‍ നായനാര്‍ അക്കാദമിയില്‍ ഏപ്രിലിലാണ് സമ്മേളനം നടക്കുക. ഇതു അഞ്ചാം തവണയാണ് സി.പി.എം അഖിലേന്ത്യാ സമ്മേളനത്തിന് കേരളം വേദിയാകുന്നത്. പാര്‍ട്ടി കോണ്‍ഗ്രസ്സിനു മുന്നോടിയായി മാര്‍ച്ച് ആദ്യവാരം സംസ്ഥാന സമ്മേളനം നടക്കും. ഇത്തവണ എറണാകുളത്താണ് സംസ്ഥാന സമ്മേളനം നടക്കുന്നത്. ഇതിനുള്ള ഒരുക്കങ്ങളും തകൃതിയായാണ് നടന്നു വരുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും 800 ഓളം പ്രതിനിധികളാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുക. വിദേശ രാജ്യങ്ങളിലെ കമ്യൂണിസ്റ്റു പാര്‍ട്ടികളുടെ പ്രതിനിധികളുടെ സാന്നിധ്യവും പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ ഉണ്ടാകും.

കേരളത്തിലെ സി.പി.എമ്മിന്റെ ചരിത്രം മനസ്സിലാക്കാന്‍ ഉതകും വിധമുള്ള സംവിധാനങ്ങളും സമ്മേളനം നഗരിയില്‍ ഒരുക്കുന്നുണ്ട്. പാര്‍ട്ടി കോണ്‍ഗ്രസ്സ് തുടങ്ങും മുന്‍പ് തന്നെ നായനാര്‍ മ്യൂസിയത്തിന്റെ ഒന്നാം ഘട്ടം പ്രവര്‍ത്തനവും ആരംഭിക്കും. കോവിഡ് പ്രതിസന്ധി ഉണ്ടെങ്കിലും പരിമിതിക്കുള്ളില്‍ നിന്നു കൊണ്ടു തന്നെ പാര്‍ട്ടി കോണ്‍ഗ്രസ്സ് വന്‍ വിജയമാക്കാനുള്ള ശ്രമമാണ് കേരള ഘടകം നടത്തുന്നത്. കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ മൂന്നാം ഊഴം ലക്ഷ്യമിടുന്ന സാഹചര്യത്തില്‍ ഇതിനെ ചെറുക്കാന്‍ മതേതര കക്ഷികളുടെ ഐക്യമാണ് സി.പി.എം ലക്ഷ്യമിടുന്നത്.

പാര്‍ട്ടി കോണ്‍ഗ്രസ്സിനു ശേഷം ഇക്കാര്യത്തില്‍ ശക്തമായ ഇടപെടല്‍ നടത്താനാണ് നീക്കം.
ഇത്തവണ സി.പി.എം കേന്ദ്രകമ്മറ്റിയില്‍ കാര്യമായ അഴിച്ചുപണിക്കും സാധ്യത കൂടുതലാണ്. സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും പാര്‍ട്ടി കമ്മറ്റികളില്‍ മതിയായ പ്രാധാന്യം നല്‍കണമെന്നത് സി.പി.എമ്മിന്റെ പ്രഖ്യാപിത നിലപാടാണ്. ബ്രാഞ്ച് തലംമുതല്‍ ഇത്തവണ അത് ശക്തമായി തന്നെ നടപ്പാക്കി തുടങ്ങിയിട്ടുമുണ്ട്. ഈ പരിഗണന സി.പി.എമ്മിന്റെ ഏറ്റവും ഉയര്‍ന്ന ഘടകമായ കേന്ദ്ര കമ്മറ്റിയിലും പ്രകടമായാല്‍ അത് വിപ്ലവകരമായ മാറ്റമാകും. കഴിഞ്ഞ തവണ 95 അംഗ കേന്ദ്ര കമ്മറ്റിയില്‍ 19 പേരും പുതുമുഖങ്ങളായിരുന്നു.

ഇതില്‍ കേരളത്തില്‍ നിന്നും പുതുമുഖങ്ങളായി എത്തിയത് എം.വി ഗോവിന്ദനും കെ. രാധാകൃഷ്ണനുമായിരുന്നു. വി.എസ് അച്ചുതാനന്ദനും പാലൊളി മുഹമ്മദ് കുട്ടിയുമായിരുന്നു കേരളത്തില്‍ നിന്നുള്ള പ്രത്യേക ക്ഷണിതാക്കള്‍. ഇത്തവണ ഈ രണ്ടു നേതാക്കളും ക്ഷണിതാക്കള്‍ ആവില്ല. കടുത്ത ആരോഗ്യ പ്രശ്‌നം നേരിടുന്ന വി.എസ് നിലവില്‍ ചികിത്സയിലാണ്. സി.പി.എം രൂപീകരണ കാലംമുതല്‍ നേതൃനിരയില്‍ പ്രവര്‍ത്തിച്ച വി.എസിന്റെ സാന്നിധ്യമില്ലാതെ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ്സ് എന്ന പ്രത്യേകതയും ഇത്തവണത്തെ കണ്ണൂര്‍ സമ്മേളനത്തിനുണ്ട്. പുതിയ ഒരു നിരതന്നെ കേരളത്തില്‍ നിന്നും ഇത്തവണ കേന്ദ്ര കമ്മറ്റിയില്‍ എത്താനാണ് സാധ്യത.

പി. രാജീവ്, കെ.എന്‍ ബാലഗോപാല്‍,  ടി.എന്‍ സീമ, പി.ശ്രീരാമകൃഷ്ണന്‍, മുഹമ്മദ് റിയാസ്, എം.ബി രാജേഷ്, എം.വിജയകുമാര്‍, മേഴ്‌സികുട്ടിയമ്മ എന്നിവരില്‍ പലരും പരിഗണിക്കപ്പെടാനുള്ള സാധ്യത രാഷ്ട്രീയ നിരീക്ഷകരും തള്ളിക്കളയുന്നില്ല. കേന്ദ്ര ക്വാട്ടയില്‍ മലയാളിയായ പി.കൃഷ്ണപ്രസാദിനും ഇത്തവണ സാധ്യതയുണ്ട്. ഡല്‍ഹിയിലെ കര്‍ഷക സമരത്തില്‍ നിര്‍ണ്ണായക ഇടപെടല്‍ നടത്തിയ നേതാവ് കൂടിയാണ് പി.കൃഷ്ണപ്രസാദ്. എസ്.എഫ്.ഐ മുന്‍ അഖിലേന്ത്യാ പ്രസിഡന്റായ കൃഷ്ണപ്രസാദ് കിസാന്‍ സഭ ട്രഷറര്‍ പദവിയിലാണ് പ്രവര്‍ത്തിക്കുന്നത്. മഹാരാഷ്ട്രയെ പിടിച്ചു കുലുക്കിയ കര്‍ഷകരുടെ ലോങ്ങ് മാര്‍ച്ചിന്റെ ബുദ്ധികേന്ദ്രമായ മലയാളിയായ വിജു വി കൃഷ്ണന്‍ കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ്സിലാണ് സി.പി.എം കേന്ദ്രകമ്മറ്റി അംഗമായിരുന്നത്. കിസാന്‍ സഭ നേതാവ് കൂടിയായ വിജു കേന്ദ്ര കമ്മറ്റിയില്‍ തുടരും.

അതേസമയം സി.പി.എം പി.ബിയില്‍ പിണറായി വിജയനും എം.എ ബേബിക്കും കോടിയേരിക്കും പുറമെ എ വിജയരാഘവനും ഇത്തവണ സാധ്യത കല്‍പ്പിക്കപ്പെടുന്നുണ്ട്. കഴിഞ്ഞതവണ പ്രത്യേക പരിഗണനയില്‍ പി.ബിയില്‍ തുടര്‍ന്ന എസ്.രാമചന്ദ്രന്‍ പിള്ള കണ്ണൂര്‍ സമ്മേളനത്തോടെ പി.ബിയില്‍ നിന്നും ഒഴിവാക്കപ്പെടുമെന്നും സൂചനയുണ്ട്. പാര്‍ട്ടിയെ ദേശീയ തലത്തില്‍ തന്നെ കരുത്തുറ്റതാക്കാന്‍ ശേഷിയുള്ള പുതിയ നേതൃനിരയെയാണ് സി.പി.എം അണികളും ആഗ്രഹിക്കുന്നത്. പാര്‍ട്ടി കോണ്‍ഗ്രസ്സോടെ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്നാണ് നേതൃത്വവും ചൂണ്ടിക്കാട്ടുന്നത്.