ആഗോള താപനിലയിലെ വര്‍ധന പിടിച്ചു നിര്‍ത്താന്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ ധാരണ

സ്‌കോട്‌ലാന്‍ഡ്: ആഗോള താപനിലയിലെ വര്‍ധന 1.5 ഡിഗ്രി സെല്‍ഷ്യസിന് താഴെ പിടിച്ചു നിര്‍ത്താന്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ ധാരണ. ഇതല്ലാതെ കാലവസ്ഥാ വ്യതിയാനം തടയാന്‍ മറ്റ് മാര്‍ഗങ്ങളില്ലെന്നും ഉച്ചകോടി വ്യക്തമാക്കി. ആഗോള താപനിലയിലെ വര്‍ധന വ്യവസായവല്‍ക്കരണത്തിനു മുന്‍പുള്ള കാലത്തെക്കാള്‍ 1.5 ഡിഗ്രി സെല്‍ഷ്യസിനു താഴെ നിര്‍ത്തണം എന്ന് നിര്‍ദേശിക്കുന്ന പ്രമേയത്തിന്റെ കരട് കാലാവസ്ഥാ ഉച്ചകോടിയില്‍ അവതരിപ്പിച്ചു.

ആതിഥേയ രാജ്യമായ ബ്രിട്ടനാണ് പ്രമേയം അവതരിപ്പിച്ചത്. മറ്റു രാജ്യങ്ങള്‍ കൂടി അംഗീകരിച്ചാല്‍ പ്രമേയം ഔദ്യോഗികമായി പുറത്തിറക്കും.

കാലാവസ്ഥാ വ്യതിയാനം തടയാന്‍ വികസിത രാജ്യങ്ങള്‍ വ്ഗാദനം ചെയ്ത പണം ഉറപ്പാക്കണമെന്നും ഗ്ലാസ്‌കോ ഉച്ചകോടി ആവശ്യപ്പെട്ടു. കല്‍ക്കരി അടക്കം ഫോസില്‍ ഇന്ധനങ്ങള്‍ക്കുള്ള ഇളവ് ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. ഇന്ത്യയടക്കം രാജ്യങ്ങള്‍ ഇതിനോട് എതിര്‍പ്പ് അറിയിച്ചിരുന്നു.

രണ്ടാഴ്ച നീണ്ടുനിന്ന കാലാവസ്ഥ ഉച്ചക്കോടി സമാപിച്ചു. ഉച്ചക്കോടിയില്‍ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാനായില്ലെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ അഭിപ്രായം.