ന്യൂഡല്‍ഹി: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തിയേക്കുമെന്ന് എബിപി-സി വോട്ടര്‍ സര്‍വ്വേ ഫലം. എന്നാല്‍ കഴിഞ്ഞ നിയസഭയില്‍ ആകെയുള്ള 403 സീറ്റില്‍ 304 സീറ്റും കൈയ്യിലാക്കിയ ബിജെപിക്ക് ഇത്തവണ 108 സീറ്റുകള്‍ വരെ നഷ്ടപ്പെട്ടേക്കാം. മോദി-ഷാ-യോഗി കൂട്ടുകെട്ടില്‍ മുഖം രക്ഷിക്കാനുള്ള വിജയം മാത്രമാണ് സര്‍വ്വേ പ്രവചനം.
സര്‍വ്വേ ഫലം പ്രകാരം സംസ്ഥാനത്ത് 217 സീറ്റ് വരെയാണ് ബിജെപി നേടാന്‍ സാധ്യത. സമാജ് വാദി പാര്‍ട്ടി 156 വരെ സീറ്റിലും ബിഎസ്പി 18 സീറ്റില്‍ വരേയും വിജയിച്ചേക്കും. പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇതിനകം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയ കോണ്‍ഗ്രസിന് മെച്ചപ്പെട്ട ഫലമല്ല സര്‍വ്വേയില്‍ ലഭിക്കുന്നത്. 2017 ലെ തെരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റാണെങ്കില്‍ ഇത്തവണ അത് ഒന്‍പത് സീറ്റ് വരെ മാത്രമെ സാധ്യതയുള്ളു.
ഉത്തര്‍പ്രദേശില്‍ ബിജെപിയും എസ്പിയും തമ്മിലുള്ള കൃത്യമായ മത്സരമാണ് സര്‍വ്വേയില്‍ ചൂണ്ടികാട്ടുന്നത്. 60 സീറ്റുകളുടെ വ്യത്യാസമാണ് രണ്ട് പാര്‍ട്ടികളും തമ്മിലുള്ളത്. 2017 ലെ തെരഞ്ഞെടുപ്പില്‍ എസ്പി 45 സീറ്റാണ് നേടിയത്. ഇതില്‍ നിന്നും കൃത്യമായ ലീഡ് ഉണ്ടാക്കാന്‍ എസ്പിക്ക് ഈ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് കഴിഞ്ഞേക്കുമെന്നാണ് പ്രവചനം.