തകര്‍ത്തടിച്ച് മാര്‍ഷും വാര്‍ണറും; ഓസ്‌ട്രേലിയയ്ക്ക് കന്നി ലോകകിരീടം

ദുബായ്: ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, ഗ്ലെന്‍ മാക്‌സ്‌വെല്‍ ത്രിമൂര്‍ത്തികളുടെ വെടിക്കെട്ടില്‍ ടി20 ലോകകപ്പില്‍ ടീമിന്റെ കന്നിക്കിരീടം ചൂടി ആരോണ്‍ ഫിഞ്ചിന്റെ ഓസ്‌ട്രേലിയ. ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്‌റ്റേഡിയം വേദിയായ ടി20 ലോകകപ്പ് ഫൈനലില്‍ അയല്‍ക്കാരായ ന്യൂസിലന്‍ഡിന്റെ സ്വപ്‌നങ്ങള്‍ എട്ട് വിക്കറ്റിന് അരിഞ്ഞുവീഴ്ത്തിയാണ് ഓസ്‌ട്രേലിയ കുട്ടിക്രിക്കറ്റിന്റെ രാജാക്കന്‍മാരായത്. 173 റണ്‍സിന്റെ വമ്പന്‍ വിജയലക്ഷ്യം മൂവര്‍സംഘത്തിന്റെ സംഹാരതാണ്ഡവത്തില്‍ ഓസീസ് രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഏഴ് പന്ത് ബാക്കിനില്‍ക്കേ നേടുകയായിരുന്നു.

നേരത്തെ, ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡ് നായകന്‍ കെയിന്‍ വില്യംസന്റെ ബാറ്റിങ് കരുത്തില്‍ മുന്നോട്ടുവച്ച 173 വിജയലക്ഷ്യം ഏഴ് പന്ത് ബാക്കിനില്‍ക്കെയാണ് ഓസ്‌ട്രേലിയ മറികടന്നത്. അര്‍ധ സെഞ്ച്വറികളുമായി തകര്‍ത്തടിച്ച മിച്ചല്‍ മാര്‍ഷും ഓപണര്‍ ഡെവിഡ് വാര്‍ണറുമാണ് കംഗാരുജയം ഉറപ്പാക്കിയത്.

ടി20 ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടല്‍ പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ്ക്ക് തുടക്കത്തില്‍ തന്നെ നായകന്‍ ആരോണ്‍ ഫിഞ്ചി(അഞ്ച്)നെ നഷ്ടമായി. ട്രെന്റ് ബോള്‍ട്ടിന്റെ മനോഹരമായ പന്തില്‍ ഡാരില്‍ മിച്ചല്‍ പിടിച്ചുപുറത്താകുകയായിരുന്നു താരം.

മൂന്നാമനായെത്തിയ മാര്‍ഷുമായി ചേര്‍ന്ന് തുടക്കംതൊട്ടേ കൂറ്റനടികളുമായി തകര്‍ത്താടുകയായിരുന്നു വാര്‍ണര്‍. പവര്‍പ്ലേ തൊട്ട് തുടങ്ങിയ അഴിഞ്ഞാട്ടം അവസാന ഓവര്‍വരെ ഓസീസ് തുടര്‍ന്നു. ബൗളിങ്ങില്‍ ഒരു ഘട്ടത്തിലും കിവീസിന് മേധാവിത്വം പുലര്‍ത്താന്‍ വാര്‍ണറും മാര്‍ഷും അവസരം നല്‍കിയില്ല.