രഹസ്യതാക്കോൽ ( കവിത – പ്രദീഷ് )

രുട്ടിനും
വെളിച്ചത്തിനുമിടയിലെ
പിടയുന്ന നിമിഷങ്ങൾ
തള്ളിനീക്കുന്ന
മുറിഞ്ഞ മനസ്സുകൾ.

സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട
പകൽവെളിച്ചത്തിന്റെ
ഊട്ടുപുരകൾ
മാംസത്തിന്റെ
കശാപ്പുശാലകളാകുന്ന
പാതിരാവ്.

നിറമേതുമില്ലാത്ത ജീവിതത്തിന്റെ
വിളറിയ ചിത്രങ്ങൾ,
തിരശീലയുടെ നിറങ്ങൾ
മാറുന്നതിനൊപ്പം
മാറാത്ത
അഭിനയ മുഹൂർത്തങ്ങൾ
ഇടവഴികളിലെ
ഗന്ധങ്ങളും, നിറങ്ങളും
പ്രതീക്ഷകളിൽ നിറക്കുന്നു.

തിരശ്ശീലക്കിരുപുറവും
എന്നും ഒരേ നിറമാണ്
ഇന്നും മറക്കാത്ത
പഴയകാലത്തിന്റെ അതേ നിറം.

ജീവിതത്തിന്റെ രഹസ്യങ്ങൾ
കൂട്ടിയും കിഴിച്ചും നോക്കിയ
എണ്ണൽസംഖ്യകളിൽനിന്ന്
തലതിരിഞ്ഞവനിലെത്തിനിൽക്കുന്നു.!

എന്നിട്ടും കേൾക്കാത്ത
എന്റെ നിലവിളികൾ തേടി
നിങ്ങൾ പരക്കം പായുന്നു.