ജെഡിഎസുമായി ലയിക്കാനുള്ള നീക്കം എല്‍ജെഡിയില്‍ ശക്തം

തിരുവനന്തപുരം: എല്‍ജെഡിയില്‍ വിമത നീക്കം ശക്തമാകുമ്പോള്‍ ജെഡിഎസുമായി ലയിക്കാനുള്ള നീക്കം എല്‍ജെഡിയില്‍ ശക്തം. ഒരു വിഭാഗം മാത്രമല്ല പാര്‍ട്ടി ഒന്നാകെ വരണമെന്നാണ് ആഗ്രഹമെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി വ്യക്തമാക്കിയതോടെയാണ് ലയന ചര്‍ച്ചകള്‍ സജീവമായത്. അതേസമയം ലയനനീക്കങ്ങളെ എതിര്‍ക്കുകയാണ് എല്‍ജെഡിയിലെ ഷേയ്ക് പി ഹാരിസിന്റെ നേതൃത്വത്തിലുള്ള വിഭാഗം.

രാജ്യസഭാ സീറ്റ് തുടര്‍ന്നും ലഭിക്കുന്നതില്‍ ജെഡിഎസുമായി ലയിച്ച് കൂടുതല്‍ ശക്തമായ പാര്‍ട്ടിയായി എല്‍ഡിഎഫില്‍ മാറണം എന്ന അഭിപ്രായം ശ്രേയാംസ് കുമാര്‍ വിഭാഗത്തിനുണ്ട്. ഇരു പാര്‍ട്ടികളും ഒന്നിക്കണമെന്ന നിലപാടിനെയാണ് സിപിഎമ്മും പിന്തുണക്കുന്നത്. അതേസമയം ഇടഞ്ഞ് നില്‍ക്കുന്ന ഷേക്ക് പി ഹാരിസ് വിഭാഗത്തിന് ഇന്ന് സിപിഎം നേതൃത്വവുമായി ചര്‍ച്ചനടത്താന്‍ കഴിഞ്ഞില്ല. നാളെ എ.വിജയരാഘവനെയും കോടിയേരിയെയും കാണാനാണ് ഷേക്ക് പി ഹാരിസ് വിഭാഗത്തിന്റെ നീക്കം. കൂടുതല്‍ ജില്ലാ കമ്മിറ്റികളെ ഒപ്പം നിര്‍ത്താനും അവര്‍ ശ്രമങ്ങള്‍ ശക്തമാക്കി.

ശനിയാഴ്ചയ്ക്കകം പാര്‍ട്ടി സംസ്ഥാന ആധ്യക്ഷന്‍ ശ്രേയാംസ്‌കുമാര്‍ രാജി വച്ചില്ലെങ്കില്‍ പുതിയ സംസ്ഥാന കമ്മിറ്റി ഉണ്ടാക്കുമെന്ന് വിമത നേതാക്കള്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ തനിക്കെതിരായ വിമര്‍ശനം തള്ളിയ ശ്രേയാംസ്‌കുമാര്‍ വിമര്‍തര്‍ക്കെതിരെ നടപടിയെടുക്കാനുള്ള തയ്യാറെടുപ്പിലാണ്. ഐഎന്‍എല്ലിലെ അഭ്യന്തര കലാപം ഒതുങ്ങിയതിന് പിന്നാലെയാണ് എല്‍ഡിഎഫിലെ മറ്റൊരു ഘടകക്ഷി കൂടി രൂക്ഷമായ ആഭ്യന്തര തര്‍ക്കത്തിലേക്ക് നീങ്ങുന്നത്.