മാഫിയക്ക് ‘കുട’പിടിക്കുന്ന ഐ.പി.എസ്

രുട്ടിക്കൊലക്കേസില്‍ നിന്നും കഷ്ടിച്ചു രക്ഷപ്പെട്ട ഐ.പി.എസ് ഉന്നതനെതിരെ ഉയരുന്നത് പരാതികളുടെ പ്രവാഹം. ഇയാള്‍ കൊച്ചി പൊലീസ് കമ്മീഷണറായിരിക്കെ നിയമ വിരുദ്ധമായ നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് ‘കുട’ പിടിച്ചിട്ടുണ്ടെന്നാണ് ആക്ഷേപം. ഇദ്ദേഹത്തിന് എല്ലാ സഹായവും നല്‍കിയിരുന്ന സംസ്ഥാന പൊലീസ് ചീഫ് ഇന്ന് സര്‍വ്വീസില്‍ ഇല്ല. തുടര്‍ച്ചയായി തന്ത്രപ്രധാനമായ ക്രമസമാധാന ചുമതല ഈ വിവാദ ഐ.പി.എസുകാരന് ലഭിച്ചത് അന്നത്തെ പൊലീസ് ചീഫിന്റെ കൂടി ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണെന്നാണ് സൂചന.

കൊച്ചി സിറ്റി മയക്കുമരുന്നിന്റെ ഹബായി മാറിയത്, ഈ വിവാദ ഐ.പി.എസുകാരന്‍ കൊച്ചി കമ്മീഷണര്‍ ആയതോടെയാണ്. ലഹരി പാര്‍ട്ടി നടക്കുന്നതായി മുന്‍പ് പലതവണ റിപ്പോര്‍ട്ട് കിട്ടിയിട്ടും നമ്പര്‍ 18 ഹോട്ടലില്‍ ഉള്‍പ്പെടെ റെയ്ഡ് നടത്താതിരുന്നത് ഈ ഉദ്യോഗസ്ഥന്റെ ഇടപെടല്‍ മൂലമാണെന്നാണ് ആരോപണം. വാഗമണ്ണിലെ ലഹരി പാര്‍ട്ടിയില്‍ റെയ്ഡ് നടത്തിയ ഡി.ഐ.ജി അനൂപ് കുരുവിള ജോണിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം, കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലിലും റെയ്ഡ് നടത്താന്‍ തീരുമാനിച്ചിരുന്നു. ഈ നീക്കമാണ് തടയപ്പെട്ടത്. ഇതു സംബന്ധമായും ഇന്റലിജന്‍സ് ഇപ്പോള്‍ അന്വേഷണം നടത്തുന്നുണ്ട്. മുന്‍ പൊലീസ് ചീഫുമായി നമ്പര്‍ 18 ഹോട്ടലിന്റെ ഉടമ റോയ് നില്‍ക്കുന്ന ദൃശ്യം ഇതിനകം തന്നെ പുറത്തുവന്നിട്ടുണ്ട്. ഈ ഹോട്ടലുടമയുമായും സഹോദരനുമായും വിവാദ ഐ.പി.എസുകാരനും അടുത്ത ബന്ധമുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

അതേസമയം, മുന്‍ മിസ് കേരളയടക്കം മൂന്നുപേര്‍ വാഹനാപകടത്തില്‍ മരിച്ച കേസില്‍ സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥന് കുരുക്കാവുമെന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത്. അപകടദിവസം ഫോര്‍ട്ടുകൊച്ചി ‘നമ്പര്‍ 18’ ഹോട്ടലില്‍ ഈ ഐ.പി.എസ്. ഉദ്യോഗസ്ഥന്‍ എത്തിയെന്നും ഉദ്യോഗസ്ഥനെതിരേ നടപടിക്ക് സാധ്യതയുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.

തിരുവനന്തപുരത്ത് ജോലിചെയ്യുന്ന ഈ ഉദ്യോഗസ്ഥന്റെ തുടര്‍ച്ചയായുള്ള കൊച്ചി സന്ദര്‍ശനങ്ങളെക്കുറിച്ചും അന്വേഷണമുണ്ടാകുമെന്നും ഒക്ടോബര്‍ 31ന് കൊച്ചിയില്‍ എന്തിനാണ് എത്തിയതെന്നടക്കം ഉന്നത ഉദ്യോഗസ്ഥന്‍ വിശദീകരിക്കേണ്ടിവരുമെന്നും മാതൃഭുമി വാര്‍ത്തയില്‍ പറയുന്നുണ്ട്.

അപകടത്തെക്കുറിച്ച് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥനെ ഈ ഉന്നത ഉദ്യോഗസ്ഥന്‍ വിളിച്ച് താക്കീത് ചെയ്തിരുന്നുവത്രെ. ഹാര്‍ഡ് ഡിസ്‌കിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചതോടെയാണ് ഇതെന്നും ഇതോടെ ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്തുന്നതില്‍ പൊലീസ് ഉഴപ്പിയതായും ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ മുന്‍ നിര്‍ത്തി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഹാര്‍ഡ് ഡിസ്‌ക് പരിശോധിച്ചാല്‍ താന്‍ ഹോട്ടലില്‍ എത്തിയ കാര്യം പുറത്തുവരുമെന്ന് ഭയന്നായിരുന്നു പൊലീസ് ഉദ്യോഗസ്ഥന്റെ ഇടപെടല്‍ എന്നാണ് വാര്‍ത്തയില്‍ പറയുന്നത്. ഹോട്ടലുടമ റോയിയും ഉന്നതനും തമ്മിലുള്ള ബന്ധം കൊച്ചിയിലെ പൊലീസുദ്യോഗസ്ഥര്‍ക്കെല്ലാം അറിയാമെന്നും, റോയിക്കുള്ള എല്ലാ സൗകര്യവും പൊലീസ് ഒരുക്കിനല്‍കിയത് ഈ ബന്ധം മൂലം ആണെന്നും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ ദുരൂഹതകള്‍ ഉയര്‍ത്തുന്നതാണ് ഈ റിപ്പോര്‍ട്ട്. കൊച്ചി സിറ്റിയുടെ ക്രമസമാധാന ചുമതലയില്‍ ഡി.സി.പി, അഡീഷണല്‍ കമ്മീഷണര്‍, കമ്മീഷണര്‍ എന്നീ മൂന്ന് ഐ.പി.എസ് ഉദ്യോഗസ്ഥര്‍ ഉണ്ടായിട്ടും ഇവരെ മറികടന്ന് കേസ് അന്വേഷിക്കുന്ന സി.ഐയുടെ മേല്‍ പൊലീസ് ഉന്നതന്‍ ഇടപെട്ടിട്ടുണ്ടെങ്കില്‍ അത് അതീവ ഗൗരവമുള്ള കാര്യമാണ്. ഈ ഉദ്യോഗസ്ഥന്റെ ‘കൊച്ചി’ താല്‍പ്പര്യവും അന്വേഷിക്കപ്പെടേണ്ടതു തന്നെയാണ്. മൊബൈല്‍ വിശദാംശങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കണമെന്ന ആവശ്യവും ഉയര്‍ന്നു കഴിഞ്ഞു.

ഇക്കാര്യത്തില്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രിയാണ് ഇനി തയ്യാറാവേണ്ടത്. അതല്ലങ്കില്‍, സത്യസന്ധമായ അന്വേഷണം ഒരിക്കലും നടക്കുവാന്‍ സാധ്യതയില്ല. നമ്പര്‍ 18 ഹോട്ടല്‍ ഉടമക്കെതിരെ വൈകിയെങ്കിലും കേസെടുത്തതും അന്വേഷണം ശക്തമാക്കിയതും പൊലീസ് ആസ്ഥാനം നേരിട്ട് ഇടപെട്ടതു കൊണ്ടു മാത്രമാണ്. എന്നാല്‍, ഇപ്പോഴും ഈ ഉദ്യോഗസ്ഥന്‍ തന്ത്രപ്രധാന തസ്തികയില്‍ ഇരിക്കുന്നതിനാല്‍ സത്യസന്ധമായ അന്വേഷണം നടക്കുമോ എന്ന കാര്യത്തില്‍ മരണപ്പെട്ട മോഡലുകളുടെ കുടുംബത്തിനും വലിയ ആശങ്കയുണ്ട്.