ദാരുണമായ മൂന്നു മരണങ്ങളും വാഹനങ്ങളുടെ സേഫ്റ്റി ഫീച്ചേഴ്സും ;തമ്പി ആന്റണിയുടെ കുറിപ്പ്

കൊച്ചിയിൽ ഉണ്ടായ വാഹന അപകടങ്ങളിൽ മോഡലുകൾ മരിച്ച പശ്ചാത്തലത്തിൽ നടനും എഴുത്തുകാരനുമായ തമ്പി ആന്റണിയുടെ ശ്രദ്ധേയമായ കുറിപ്പ് .

രണ്ടു രണ്ടു പെൺകുട്ടികളുടെയും ഒരാൺകുട്ടിയുടെയും ദാരുണ മരണം എന്താണ് നമ്മെ പഠിപ്പിക്കുന്നത് . ഏതു വാഹനമാണെങ്കിലും സേഫ്റ്റി ഫീച്ചേഴ്സ് ഉപയോഗിക്കുന്നത് പോലീസ് പിടിക്കാതിരിക്കാനല്ല, നമ്മുടെ സുരക്ഷിതത്വത്തിനാണന്നു മനസ്സിലാക്കുക.
സീറ്റബെൽറ്റുപോലെതന്നെ പ്രാധാന്യം എയർബാഗിനുമുണ്ട്. അത് പ്രവർത്തിക്കണമെങ്കിൽ
സീറ്റ്ബെൽറ്റിടണം എന്നകാര്യം ഒന്നുകൂടെ ഓർമ്മിപ്പിക്കുന്നു. കാറിനകത്തു ദൈവരൂപങ്ങൾ വച്ചാൽ അപകടമുണ്ടാവില്ല എന്ന അന്ധമായ വിശ്വാസവും നോർത്ത് ഇന്ത്യക്കാരുടെ ഇടയിലുണ്ട്.
അമേരിക്കയിൽ വാഹനമോടിക്കുന്നവരുടെ ഉത്തരവാദിത്വമാണ് കൂടെയുള്ള സഹയാത്രികരെ സീറ്റ്ബെൽറ്റിടിയിക്കുക എന്നത്. മദ്യപിച്ചാൽ കാറെടുക്കാതിരിക്കുക എന്ന സാമാന്യ മര്യാദയെങ്കിലും പാലിക്കുക. പ്രത്യേകിച്ചു ഊബർ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ സുലഭമായുള്ള ഈ പുതിയ കാലത്തിൽ. അല്ലെങ്കിൽ കൂട്ടുകാരിൽ ഒരാൾ മദ്യപിക്കാതിരിക്കുക. അയാൾ വണ്ടി ഓടിക്കുക അതായത് designated driver. അങ്ങനെ ഒരു പതിവ് പാശ്ചാത്യരാജ്യങ്ങളിൽ ഉണ്ട്. ആഘോഷദിവസങ്ങളിൽ പേലീസിനെയും വിളിക്കാം. അവരും സഹായിക്കും. ഇതെല്ലാം അവഗണിച്ചുകൊണ്ട് വാഹനമോടിച്ചാൽ, ശിക്ഷ ഭീമമായ തുക മാത്രമല്ല ലൈസൻസ് നഷ്ടപ്പെടാനുള്ള സാധ്യതയുമുണ്ട്. കൂടാതെ ഇൻഷുറൻസ് തുകയുടെ വർദ്ധനവ് മുതലായ പല നൂലാമാലകളും ഉള്ളതുകൊണ്ട് മാത്രമാണ് അമേരിക്കയിലുള്ള ഡ്രൈവന്മാർ മര്യാദക്കാരാകുന്നത്. അല്ലെങ്കിൽ നിയമം ലഘിക്കുന്നതിൽ അവർ മലയാളികളെയും കടത്തിവെട്ടും. അതുകൊണ്ടു നിയമങ്ങൾ കർശനമാക്കുകയാണ് വേണ്ടത്. മദ്യപിക്കുന്നവർ ഏതു ദേശത്താണെങ്കിലും നിയമം തെറ്റിക്കുമെങ്കിലും, നിയമങ്ങൾ അനുസരിച്ചാൽ മരണസംഘ്യ ക്രമാതീതമായി കുറക്കാൻ സാധിക്കുമെന്നുള്ളതിൽ സംശയമില്ല.
സ്കാൻഡനേവിയൻ രാജ്യങ്ങളിൽ അപകട മരണനിരക്ക് ആയിരത്തിൽ മൂന്നും നാലുമൊക്കെയാണങ്കിൽ ഇന്ത്യയിൽ ഇരുപത്തിനാലാണ്. ലോകത്തിൽ ഏറ്റവും കൂടുതൽ വാഹനങ്ങളുള്ള അമേരിക്കയുടെ മൂന്നുരാട്ടിയാണിത്.
ഇതിനു കാരണം നിയങ്ങൾ കർശനമായി
നടപ്പാക്കാത്തതുതന്നെയാണ്.
സീറ്റബെൽറ്റുപയോഗിക്കുന്നതിൽ ഇന്ത്യ ഇപ്പോഴും വെറും 25 ശതമാനത്തിൽ നിൽക്കുകയാണ്. വേൾഡ് ആവറേജ് 75 ശതമാനമാണെന്നോർക്കണം. സാക്ഷരകേരളത്തിൽ എൺപതു ശതമാനമെന്നു കണക്കുകൾ പറയുന്നുണ്ടെങ്കിലും ശരിക്കുള്ള കണക്കുകൾ ശരിയാകണമെന്നില്ല. കാരണം എന്തുതന്നെയാണങ്കിലും, കേരളത്തിൽ അൻപതു ശതമാനം പേരും സീറ്റബെൽറ്റിടാത്തവരാണ്ന്നാണു അനൗദ്യോദിക കണക്കുകൾ കാണിക്കുന്നത്. എല്ലാ ഡ്രൈവറുംമാരും, കൂടെ യാത്രചെയ്യുന്നവർ സീറ്റ്ബെൽറ്റിടാതെ വാഹനം എടുക്കില്ല എന്ന തീരുമാനമെടുക്കുക. അവർ ആരായിരുന്നാലും
അതാരോടും പറയാനുള്ള ആർജവം ഉണ്ടായിരിക്കുക .
ബാറിൽനിന്നും മദ്യപിച്ചിട്ടിറങ്ങുന്നവർ വാഹനമോടിക്കുന്നുണ്ടോ എന്നറിയാൻ പ്രത്യകം ജോലിക്കാരെ വെക്കുക. മദ്യപിച്ചവർക്കു മറ്റു യാത്രാ സൗകര്യങ്ങൾ ഏർപ്പാടു ചെയ്യുക . ബാറിനുള്ളിൽ മദ്യപിച്ചു വാഹനമോടിക്കരുത് എന്നുള്ള സൈൻ ബോർഡുകൾ സ്ഥാപിക്കുക. അല്ലെങ്കിൽ ബാറുടമകൂടി അവരുണ്ടാക്കുന്ന അപകടങ്ങൾക്ക് ഉത്തരവാദിയാകും എന്ന നിയമം കൊണ്ടുവരുക. നിയമങ്ങൾ ഒന്നും പാലിച്ചില്ലെങ്കിൽ അത് മദ്യമുപയോഗിക്കാത്ത സാധാരണക്കാരുടെ മരണത്തിനുംകൂടി കാരണമാകുന്നു. അതുകൊണ്ടാണ് ഇത് പൊതുജനങ്ങകുടെ പ്രശ്‍നംകൂടി ആകുന്നത്.

തമ്പി ആന്റണി