ദത്തുവിവാദം; കുഞ്ഞിന്റെ വൈദ്യപരിശോധന ഇന്ന്

തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ദത്ത് നല്‍കിയ കേസില്‍ അനുപമയുടേത് എന്ന് കരുതുന്ന കുഞ്ഞിന്റെ വൈദ്യപരിശോധന ഇന്ന് നടത്തിയേക്കും. അതിനു ശേഷമാകും ഡിഎന്‍എ പരിശോധനക്കുള്ള നടപടികള്‍ ആരംഭിക്കുക. കുഞ്ഞിനെ കാണാന്‍ അനുവദിക്കണമെന്ന് അനുപമ ആവശ്യപ്പെട്ടിട്ടുണ്ട്.

ആന്ധ്ര പ്രദേശില്‍ നിന്ന് ഏറ്റുവാങ്ങിയ കുഞ്ഞിനെ ഇന്നലെ രാത്രി എട്ടരയോടെ തിരുവനന്തപുരത്ത് എത്തിച്ചു. ശിശുക്ഷേമ സമിതിയിലെ ഉദ്യോഗസ്ഥയും പൊലീസുകാരും അടങ്ങുന്ന നാലംഗ സംഘമാണ് കുഞ്ഞുമായി എത്തിയത്. നിര്‍മല ശിശുഭവനില്‍ കുഞ്ഞിനു സംരക്ഷണം ഒരുക്കി. ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറുടെ സാന്നിധ്യത്തിലാകും കുഞ്ഞിന്റെ വൈദ്യപരിശോധന നടത്തുക. കുഞ്ഞിനെ ആന്ധ്രാ ദമ്പതികളില്‍ നിന്നും എത്തിച്ചെന്ന റിപ്പോര്‍ട്ട് ശിശുക്ഷേമ സമിതിയും വൈദ്യ പരിശോധനാ റിപ്പോര്‍ട്ട് ചെല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിക്ക് സമര്‍പ്പിക്കും.

കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെങ്കില്‍ ഡിഎന്‍എ പരിശോധനയ്ക്ക് എത്താന്‍ അനുപമക്കും അജിത്തിനും കുഞ്ഞിനെ ഹാജരാക്കാന്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്കും സിഡബ്ല്യുസി നോട്ടീസ് നല്‍കും. നടപടികള്‍ വൈകിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും കുഞ്ഞിനെ കാണാന്‍ അനുവദിക്കണമെന്നും അനുപമ ആവശ്യപ്പെട്ടു. ഈ മാസം 30ന് കോടതി വീണ്ടും കേസ് പരിഗണിക്കും. ഇതിന് മുന്‍പായി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഡിഎന്‍എ പരിശോധനാഫലം അടക്കമുള്ള അന്തിമ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കേണ്ടതുണ്ട്.