കുഞ്ഞിനെ കയ്യില്‍ കിട്ടുന്ന നിമിഷം മാത്രമാണ് മനസില്‍:അനുപമ

തിരുവനന്തപുരം: കുഞ്ഞ് തന്റേതാണെന്ന ഡി.എന്‍.എ ഫലത്തില്‍ അതിയായ സന്തോഷമുണ്ടെന്ന് അമ്മ അനുപമ. കുഞ്ഞിനെ കണ്ടിട്ട് ഒരു വര്‍ഷത്തിലധികമായെന്നും, കുഞ്ഞിനെ കയ്യില്‍ കിട്ടുന്ന നിമിഷം മാത്രമാണ് മനസിലുള്ളത്. അതിനായി കാത്തിരിക്കുകയാണെന്നും അനുപമ പറഞ്ഞു.

കുഞ്ഞിനെ എത്രയും വേഗം തിരിച്ചു കിട്ടുമെന്നാണ് പ്രതീക്ഷ. കാലതാമസമില്ലാതെ കുഞ്ഞിനെ തിരികെ നല്‍കണമെന്നാണ് അഭ്യര്‍ഥനയെന്നും അനുപമ പറഞ്ഞു.

അതേസമയം, ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരുമെന്നും അനുപമ അറിയിച്ചു. കുഞ്ഞിനെ ദത്ത് നല്‍കാന്‍ കൂട്ടുനിന്നവര്‍ക്കെതിരെ നടപടി വേണമെന്നും അനുപമ മാധ്യമങ്ങളോട് പ്രതികരിച്ചു.

ഡി.എന്‍.എ ഫലത്തില്‍ സന്തോഷമുണ്ടെന്ന് കുഞ്ഞിന്റെ അച്ഛന്‍ അജിത് കുമാറും പറഞ്ഞു. കുഞ്ഞിനെ കണ്ടെത്തുന്നതിനായി നിരവധി ഓഫീസുകളെ സമീപിച്ചെങ്കിലും ഫലം നെഗറ്റീവ് ആയിരുന്നുവെന്നും അജിത് ആരോപിച്ചു.