ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്ല് അവതരിപ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. വിവാദമായ മൂന്നു കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കാനുള്ളത് ഉള്‍പ്പെടെ മൊത്തം 26 ബില്ലുകള്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കാനാണ് നീക്കം.
കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുമെന്ന് കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. കര്‍ഷകര്‍ സമരം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുമെന്നു പ്രധാനമന്ത്രി പ്രഖ്യാപിച്ചതുകൊണ്ടു മതിയാവില്ലെന്നും പാര്‍ലമെന്റില്‍ ബില്‍ വരണമെന്നുമാണു കര്‍ഷക സംഘടനകള്‍ നിലപാടെടുത്തത്.
കാര്‍ഷികോല്‍പന്ന വ്യാപാര വാണിജ്യ നിയമം, കര്‍ഷക (ശാക്തീകരണ, സംരക്ഷണ) നിയമം, അവശ്യസാധന ഭേദഗതി നിയമം എന്നിവയാണു പിന്‍വലിക്കുന്നത്. ഈ മാസം 29നാണ് പാര്‍ലമെന്റ് സമ്മേളനം തുടങ്ങുന്നത്.
 
            


























 
				
















