ഹലാല്‍ ബോര്‍ഡുകള്‍ വേണ്ട; മുസ്ലിം മത നേതാക്കള്‍ സംഘപരിവാറിന്റെ കയ്യില്‍ വടികൊടുക്കരുതെന്ന് ഷംസീര്‍

കണ്ണൂര്‍: ഹലാല്‍ ബോര്‍ഡുകള്‍ വേണ്ടെന്ന് എ എന്‍ ഷംസീര്‍ എംഎല്‍എ. ഹലാല്‍ ഭക്ഷണം എന്ന ബോര്‍ഡ് വയ്ക്കുന്നവരെ തിരുത്താന്‍ മത നേതൃത്വം തയ്യാറാകണമെന്ന് എ എന്‍ ഷംസീര്‍ ആവശ്യപ്പെട്ടു.

ഹലാല്‍ കടകള്‍ ഉണ്ടാക്കുന്ന അപക്വമതികളെ മത നേതൃത്വം തിരുത്തണം, മുസ്ലിം മത നേതാക്കള്‍ സംഘ പരിവാറിന്റെ കയ്യില്‍ വടികൊടുക്കരുതെന്നും, ആസൂത്രിത കലാപത്തിനാണ് സംഘപരിവാര്‍ ശ്രമിക്കുന്നതെന്നും ഷംസീര്‍ പറയുന്നു.

കഴിഞ്ഞ ദിവസം, ഹലാല്‍ ഫുഡ് വിവാദത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ഫുഡ് സ്ട്രീറ്റ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ബീഫും പന്നിയിറച്ചിയും അടക്കമുളള വിഭവങ്ങള്‍ വിളമ്പിയായിരുന്നു പ്രതിഷേധം. ഭക്ഷണത്തില്‍ മതം കലര്‍ത്തരുത് എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഡിവൈഎഫ്ഐ പ്രധാന നഗരങ്ങളില്‍ ഫുഡ് സ്ട്രീറ്റ് നടത്തിയത്.

ഹലാല്‍ ബോര്‍ഡ് വിവാദത്തില്‍ പ്രതിഷേധവുമായി യുഡിഎഫും രംഗത്തെത്തിയിരുന്നു. ഹോട്ടലുകളില്‍ എന്തിനാണ് ഹലാല്‍ ബോര്‍ഡ് വയ്ക്കുന്നതെന്നായിരുന്നു യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്റെയും ചോദ്യം. ഇത്തരം ബോര്‍ഡുകള്‍ സംഘപരിവാറിന് പ്രകോപനം സൃഷ്ടിക്കാന്‍ കാരണമാകുമെന്നും ഭക്ഷണം ആവശ്യമുള്ളവര്‍ അത് ചോദിച്ചു വാങ്ങുകയാണ് നല്ലതെന്നും ഹസ്സന്‍ അഭിപ്രായപ്പെട്ടിരുന്നു. ഭക്ഷണത്തിന്റെ പേരില്‍ കേരളത്തെ വിഭജിക്കാനുള്ള ശ്രമമാണ് സംഘപരിവാര്‍ നടത്തുന്നതെന്നും ഹസ്സന്‍ കുറ്റപ്പെടുത്തിയിരുന്നു.