സൂപ്പർ സ്റ്റാർ

കുറുപ്പ് സിനിമയുടെ വന്‍ വിജയം ദുല്‍ഖര്‍ സല്‍മാനെ ഇപ്പോള്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും നിലവാരത്തിലേക്കാണ് ഒറ്റയടിക്ക് ഉയര്‍ത്തിയിരിക്കുന്നത്. എല്ലാവിധ പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന വിഭവങ്ങള്‍ ഇല്ലാതിരുന്നിട്ടും വന്‍ വിജയം കുറുപ്പിനു സാധ്യമായത് ദുല്‍ഖര്‍ എന്ന താരത്തിന്റെ ജനപ്രീതിയുടെ തെളിവാണ്. സൂപ്പര്‍സ്റ്റാര്‍ നിലവാരത്തിലേക്ക് ദുല്‍ഖര്‍ ഉയര്‍ന്നു കഴിഞ്ഞതായി ചലച്ചിത്ര നിരൂപകര്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടുന്നതും അതുകൊണ്ടാണ്.

ദുല്‍ഖറിന്റെ സാന്നിധ്യം നഗരങ്ങളെയും തെരുവുകളെയും ഇളക്കിമറിക്കുന്ന തരത്തിലേക്ക് ഇതിനകംതന്നെ മാറി കഴിഞ്ഞിട്ടുണ്ട്. അത്ഭുതപ്പെടുത്തുന്ന കാഴ്ചകളാണിത്. സാക്ഷാല്‍ മമ്മൂട്ടി പോലും ഇത്രപെട്ടന്ന് ഇത്തരമൊരു മുന്നേറ്റം ദുല്‍ഖറില്‍ പ്രതീക്ഷിച്ചിരുന്നില്ല. കുറുപ്പിന്റെ വന്‍ വിജയത്തോടെ ദുല്‍ഖറിന്റെ ഒരു കാള്‍ ഷീറ്റിനായി നിര്‍മ്മാതാക്കളും സംവിധായകരും ക്യൂ നില്‍ക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്.

ഇപ്പോള്‍ മലയാള സിനിമയില്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്നത് നടന്‍ മോഹന്‍ലാലാണ്. 12 കോടി മുതല്‍ 15 കോടി വരെയാണ് അദ്ദേഹത്തിന്റെ പ്രതിഫലം. സ്വന്തം പ്രൊഡക്ഷന്‍ ആണെങ്കില്‍ ഇതിനും അപ്പുറമാണ് ലാഭമുണ്ടാക്കുക. മമ്മൂട്ടിയുടെ പ്രതിഫലം 6 കോടി മുതല്‍ 7 കോടി വരെയാണ്. ദിലീപ് 4 മുതല്‍ 5 കോടിവരെയും പൃഥ്വിരാജ് 3 കോടി മുതല്‍ 4 കോടി വരെയുമാണ് പ്രതിഫലം വാങ്ങുന്നത്. സുരേഷ് ഗോപിയുടെ പ്രതിഫലം 3 കോടിയാണ്. ദുല്‍ഖര്‍, ഫഹദ്, നിവിന്‍ പോളി എന്നിവര്‍ ഇതുവരെ വാങ്ങി കൊണ്ടിരുന്നതും 3 കോടി രൂപയാണ്. ജയസൂര്യ, ആസിഫ് അലി, ചാക്കോച്ചന്‍, ബിജു മേനോന്‍, ടൊവിനോ എന്നിവര്‍ക്കാണ് താരതമ്യേന കുറവുള്ളത്. ഇവര്‍ ഒരു കോടി മുതല്‍ ഒന്നരകോടി വരെയാണ് പ്രതിഫലം പറ്റുന്നത്.

എന്നാല്‍ കുറുപ്പ് എന്ന ഒറ്റ സിനിമയിലൂടെ ദുല്‍ഖറിന്റെ മാര്‍ക്കറ്റാണ് റോക്കറ്റു പോലെ കുതിച്ചുയര്‍ന്നിരിക്കുന്നത്. ഇപ്പോഴത്തെ അവസ്ഥയില്‍ മമ്മൂട്ടിക്ക് നല്‍കുന്ന പ്രതിഫലം ദുല്‍ഖറിനും നല്‍കാന്‍ നിര്‍മ്മാതാക്കള്‍ തയ്യാറാണ്. മമ്മൂട്ടിയും ദുല്‍ഖറും ചേര്‍ന്ന പ്രോജക്ടുകളെ കുറിച്ചുള്ള ചര്‍ച്ചകളും അണിയറയില്‍ തകൃതിയായാണ് നടക്കുന്നത്. മറ്റു സംസ്ഥാനങ്ങളിലും ദുല്‍ഖറിന് മാര്‍ക്കറ്റ് ഉള്ളതിനാല്‍ ബിഗ് ബഡ്ജറ്റ് സിനിമകളുടെ ഭാഗമാകാനുള്ള അവസരങ്ങളും ഈ യുവതാരത്തിനു മുന്നില്‍ തുറന്നു കിടക്കുകയാണ്.

തമിഴില്‍ നിന്നുള്‍പ്പെടെ നിരവധി അവസരങ്ങളാണ് ദുല്‍ഖറിനെ തേടിയെത്തിക്കൊണ്ടിരിക്കുന്നത്. അതേസമയം, വരുന്ന ഓഫറുകളില്‍ നല്ലതെന്നു തോന്നുന്നതു മാത്രം സെലക്ട് ചെയ്യാനാണ് ദുല്‍ഖറിന്റെ തീരുമാനം. ഇക്കാര്യം ആദ്യമേ വ്യക്തമാക്കിക്കൊണ്ടു തന്നെയാണ് കഥകള്‍ പോലും അദ്ദേഹം ഇപ്പോള്‍ കേള്‍ക്കുന്നത്.

ദുല്‍ഖറിന്റെ ഈ അപ്രതീക്ഷിതമായ മുന്നേറ്റത്തില്‍ പിന്നോക്കം പോയിരിക്കുന്നത് പ്രിഥ്വിരാജ്, നിവിന്‍ പോളി, ഫഹദ് ഫാസില്‍ തുടങ്ങിയ യുവതാരങ്ങളാണ്. അവര്‍ക്ക് ചിന്തിക്കാന്‍ പറ്റുന്നതിലും അപ്പുറമുള്ള ഒരു നേട്ടമാണ് കുറുപ്പിലൂടെ ദുല്‍ഖര്‍ സല്‍മാന്‍ ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുന്നത്. അതാകട്ടെ ഒരു യാഥാര്‍ത്ഥ്യവുമാണ്.