മോഡലുകളുടെ മരണം; സൈജു തങ്കച്ചനെ കസ്റ്റഡിയില്‍ വിട്ടു

കൊച്ചി: മോഡലുകളുടെ അപകട മരണവുമായി ബന്ധപ്പെട്ട് ഔഡി കാര്‍ ഡ്രൈവര്‍ സൈജു തങ്കച്ചനെ മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. കേസിലെ രണ്ടാം പ്രതിയാണ് സൈജു. നാല് ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിരുന്നത്.

സൈജു മോഡലുകളെ പിന്‍തുടര്‍ന്ന ഔഡി കാര്‍ കണ്ടെടുക്കേണ്ടത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കിയത്. ഇതിനിടെ ജാമ്യം ആവശ്യപ്പെട്ടുകൊണ്ട് സൈജു സമര്‍പ്പിച്ച അപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും.

ഇന്നലെയാണ് മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സൈജുവിനെ അറസ്റ്റ് ചെയ്തത്. രണ്ട് അഭിഭാഷകര്‍ക്കൊപ്പം കളമശേരി മെട്രോ പൊലീസ് സ്റ്റേഷനിലെത്തി സൈജു ഹാജരാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യംചെയ്യലിനൊടുവില്‍ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സൈജുവിനെതിരായ മറ്റൊരു പരാതിയില്‍ പൊലീസ് വഞ്ചനാ കേസും രജിസ്റ്റര്‍ ചെയ്തിരുന്നു.

നവംബര്‍ ഒന്നിനാണ് എറണാകുളത്ത് നടന്ന വാഹനാപകടത്തില്‍ മിസ് കേരള 2019 അന്‍സി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും മരിച്ചത്. രാത്രി ഒരു മണിയോടെയായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ രാത്രി എറണാകുളം ബൈപ്പാസ് റോഡില്‍ ഹോളിഡേ ഇന്‍ ഹോട്ടലിനു മുന്നില്‍ വച്ച് അപകടത്തില്‍ പെടുകയായിരുന്നു.