വാക്സിന്‍ എല്ലാവര്‍ഷവും എടുക്കേണ്ടിവരുമെന്ന് ഫൈസര്‍

വാഷിങ്ടണ്‍: കോവിഡ് വാക്സിന്‍ എല്ലാവര്‍ഷവും എടുക്കേണ്ടിവരുമെന്ന് വാക്‌സിന്‍ നിര്‍മാതാക്കളായ ഫൈസര്‍. ഉയര്‍ന്ന പ്രതിരോധശേഷിക്ക് തുടര്‍ച്ചയായുള്ള വാക്സിന്‍ അനിവാര്യമാണെന്ന് ഫൈസര്‍ സിഇഒ ഡോ ആല്‍ബര്‍ട്ട് ബുര്‍ല പറഞ്ഞു. ഫൈസറിന്റെ വാദം ശരിവെച്ച് അമേരിക്കന്‍ ആരോഗ്യ ഉപദേഷ്ടാവ് ആന്റണി ഫൗസിയും രംഗത്തെത്തി. എല്ലാ വര്‍ഷവും വാക്‌സിനേഷന്‍ സ്വീകരിക്കാന്‍ അമേരിക്കക്കാര്‍ തയ്യാറാകേണ്ടതുണ്ടെന്ന് ഫൗസി മുന്നറിയിപ്പ് നല്‍കി.

‘ഇതുവരെ മനസിലാക്കിയ കാര്യങ്ങളുടെ അടിസ്ഥാനത്തില്‍, വാര്‍ഷിക വാക്സിനേഷന്‍ വേണമെന്ന് ഞാന്‍ പറയും. വളരെ ശക്തവും ഉയര്‍ന്ന തലത്തിലുള്ളതുമായ സംരക്ഷണം നിലനിര്‍ത്താന്‍ ഇത് ആവശ്യമായി വരാം. – അദ്ദേഹം പറഞ്ഞു. വാര്‍ഷിക വാക്‌സിനേഷനുകള്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കുമെന്ന് പറഞ്ഞ ആല്‍ബര്‍ട്ട് ബുര്‍ല, കമ്പനി ഒമിക്രോണിനെതിരായ വാക്‌സിന്‍ തയ്യാറാക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണെന്നും പറഞ്ഞു.

ഒക്ടോബറില്‍ അഞ്ച് മുതല്‍ 11 വരെ പ്രായപരിധിയിലുള്ളവര്‍ക്ക് ഫൈസര്‍ വാക്‌സിന്‍ നല്‍കാന്‍ യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അനുമതി നല്‍കിയുരുന്നു. യുകെയിയും യൂറോപ്പിയും ഈ പ്രായപരിധിയിലുള്ളവര്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നടത്തുന്നത് വളരെ നല്ല ആശയമാണെന്ന് ഡോ. ബുര്‍ല പറഞ്ഞു. സ്‌കൂളുകളില്‍ കോവിഡ് പടരുന്നുണ്ട്. ഇത് അലോസരപ്പെടുത്തുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോവിഡ് അണുബാധയില്‍ നിന്ന് പരിരക്ഷ ലഭിക്കുന്നതിനായി എല്ലാ വര്‍ഷവും വാക്‌സിനേഷന്‍ സ്വീകരിക്കാന്‍ അമേരിക്കക്കാര്‍ തയ്യാറാകേണ്ടതുണ്ടെന്ന് അമേരിക്കന്‍ ആരോഗ്യ ഉപദേഷ്ടാവ് ആന്റണി ഫൗസി മുന്നറിയിപ്പ് നല്‍കി. ഒരു വാര്‍ഷിക ബൂസ്റ്റര്‍ ഡോസ് ആവശ്യമുണ്ടോ എന്ന് ഇപ്പോള്‍ പറയുന്നത് വളരെ നേരത്തേയാകും. എന്നാല്‍ ബൂസ്റ്റര്‍ ഡോസ് കൊണ്ട് പ്രതിരോധ ശേഷി നിലനില്‍ക്കുമെന്നണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ കാത്തിരുന്ന് കാണേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

50 വയസിന് മുകളിലുള്ളവരും ആരോഗ്യപ്രശ്‌നങ്ങളുള്ള 16 വയസിന് മുകളിലുള്ളവരും ബൂസ്റ്റര്‍ വാക്‌സിന്‍ ഉപയോഗിക്കണമെന്ന് അയര്‍ലണ്ടിലെ ദേശീയ പ്രതിരോധ കുത്തിവയ്പ്പ് ഉപദേശക സമിതിയും ശുപാര്‍ശ ചെയ്തിട്ടുണ്ട്. അടുത്ത രണ്ട് വര്‍ത്തേക്ക് ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കാനായി വാക്‌സിനുകള്‍ ശേഖരിക്കുമെന്ന് യുകെയും വ്യക്തമാക്കിയിട്ടുണ്ട്.