ആറാം വാർഡിലെ ചുണ്ട് (കവിത-ദത്താത്രേയ ദത്തു)

റാം വാർഡിലെ
നാലാം നമ്പർ കിടക്കയ്‌ക്ക്
കീഴെ രക്തം ഒഴുകുന്ന
ഒരു പുഴയുണ്ടായിരുന്നു….
നിക്കോട്ടിന്റെ കറകുടഞ്ഞ
രണ്ടു ചുണ്ടുകൾക്ക്
നടുവിലെ കുഞ്ഞൻ ചുഴിയിൽനിന്ന്
എപ്പോൾ വേണമോ
ചാടിപ്പുറപ്പെട്ടേക്കാവുന്ന
ഒരു തെറിച്ച പുഴ…
ആ മാന്ത്രിക ചുണ്ടിൽ നിന്നാണ്
ഞാനാദ്യത്തെ ചുംബനം
കടംകൊണ്ടത്….
കരിമ്പൻകുത്തിയ
അന്തേവാസി പകലുകൾക്ക്
ഞങ്ങളുടെ അന്നത്തിന്റെ
വിലയുണ്ടായിരുന്നു..
കൂട്ടിരിപ്പുക്കാരിയുടെ കണ്ണിൽ
തലേന്ന് മോന്തിയ
കഞ്ഞിവെള്ളത്തിന്റെ
ഉണർവ് ബാക്കിയുണ്ടായിരുന്നു
ചുരുട്ടിപ്പിടിച്ച മൂന്നു
നൂറിന്റെനോട്ടുകൾക്കും
സാരിത്തുമ്പിനറ്റത്തെ
നാണയക്കിഴിക്കുള്ളിൽ
അലമുറയിട്ട് കരഞ്ഞ
ഒൻപതു തുട്ടുകൾക്കും
എന്റെ അമ്മയുടെ വിയർപ്പിന്റെ
ഗന്ധമായിരുന്നു..
ആ നിണപ്പുഴയിൽ ആദ്യം
മുങ്ങാംക്കുഴിയിട്ടത്
വീട്ടിലെ ചക്കപുഴുക്കായിരുന്നു..
ഒടുവിലാ പുഴയൊഴുകി
തൊടിയിലൊരു
തെങ്ങിൻതടം ഒരുക്കുംവരെ
ഞാൻ,
വരണ്ട ചുണ്ടുകളെ
സ്വപ്നം കണ്ടു
കൊണ്ടേയിരിക്കുകയായിരുന്നു..
ആറാം വാർഡിലെ
ആ മാന്ത്രിക ചുണ്ടിനു
എന്റെ അച്ഛന്റെ മുഖമായിരുന്നു…