പെട്രോളും ഡീസലും ജി.എസ്.ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്താനാവില്ലെന്ന് കെ.എന്‍.ബാലഗോപാല്‍

കോഴിക്കോട്: പെട്രോളും ഡീസലും ജി.എസ്.ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്താനാവില്ലെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു. കേരള സ്‌റ്റേറ്റ് സ്മാള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഒരുക്കിയ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പെട്രോള്‍,ഡീസല്‍ എന്നിവയില്‍ നിന്നാണ് സംസ്ഥാനത്തിന് കാര്യമായ നികുതി വരുമാനം കിട്ടുന്നത്. നിലവില്‍ വലിയ കടബാദ്ധ്യതയാണ് സംസ്ഥാനത്തിനുള്ളതെന്നും അദ്ദേഹം പറഞ്ഞു. ദിവസവും വില വര്‍ദ്ധിക്കുന്ന പാചക വാതകം ജി.എസ്.ടിയുടെ പരിധിയിലാണ്. സംസ്ഥാന സര്‍ക്കാരിനും വ്യവസായികള്‍ക്കും ബുദ്ധിമുട്ടാണ് ജി.എസ്.ടി കാരണമുണ്ടാകുന്നത്.

ഭൂമിയുടെ കുറവ് കൊണ്ട് ആര്‍ക്കും വ്യവസായം തുടങ്ങാനാവാത്ത അവസ്ഥ ഉണ്ടാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട്ട് സ്‌പോര്‍ട്‌സ് വില്ലേജ് സ്ഥാപിക്കും. കല്ലായി മരവ്യവസായത്തെ സംരക്ഷിക്കാനും നടപടിയുണ്ടാവും.