ബീഹാറിലെ 12ാം ക്ലാസ് റാങ്കുകാരന് 41 വയസ്സ്; പോലീസ് അറസ്റ്റ് ചെയ്തു

പട്‍ന: വയസ് തെറ്റായി കാണിച്ച് പരീക്ഷ എഴുതിയതിന് ബീഹാറിലെ 12ാം ക്ലാസ് റാങ്കുകാരനെ അറസ്‍റ്റ് ചെയ്‍തു. 41കാരനായ ഗണേഷ് കുമാര്‍ ആണ് പിടിയിലായത്. ആര്‍ട‍്‍സ് വിഭാഗത്തില്‍ ഒന്നാം റാങ്കുകാരനായ കുമാറിന്‍റെ പേര് റാങ്ക് ലിസ്‍റ്റില്‍നിന്ന് നീക്കം ചെയ്യുകയും ചെയ്‍തിട്ടുണ്ട്.

പരീക്ഷ എഴുതാനായി ഗണേഷ് പേരും വയസും തെറ്റായി നല്‍കുകയായിരുന്നെന്ന് ബീഹാര്‍ സ്‍കൂള്‍ എക്സാമിനേഷന്‍ ബോര്‍ഡ് (ബിഎസ്‍ഇബി) ചെയര്‍മാന്‍ ആനന്ദ് കിഷോര്‍ പറഞ്ഞു. പത്താം ക്ലാസ് പരീക്ഷയ്ക്കും ഇയാള്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ബിഎസ്‍ഇബി ഓഫീസിലേക്ക് വിളിച്ചുവരുത്തിയ ശേഷമാണ് ഇയാളെ അറസ്‍റ്റ് ചെയ്‍തത്.

എന്നാല്‍ പരീക്ഷയിലെ ഗണേഷിന്‍റെ പ്രകടനത്തില്‍ സംശയങ്ങളൊന്നുമില്ലെന്ന് അധികൃതര്‍ പറഞ്ഞു. ഗണേഷിനും ഇയാള്‍ 10, 12 ക്ലാസ് പരീക്ഷ എഴുതി സ്‍കൂളിനും എതിരെ എഫ്‍ഐആര്‍ ഫയല്‍ ചെയ്‍തിട്ടുണ്ട്. ഗണേഷിന്‍റെ രണ്ട് സര്‍ട്ടിഫിക്കറ്റുകളും ബോര്‍ഡ് റദ്ദാക്കിയിട്ടുണ്ട്.

പരീക്ഷാ തട്ടിപ്പിനെക്കുറിച്ച് നിരവധി പത്ര റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെയാണ് ഇക്കാര്യം പരിശോധിക്കാന്‍ ബോര്‍ഡ് തീരുമാനിച്ചത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഗണേഷിന് 41 വയസുണ്ടെന്നും ഇയാള്‍ രണ്ട് കുട്ടികളുടെ അച്ഛനാണെന്നും അറിഞ്ഞത്.