ഇന്ത്യയുടെ സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചു

കുനൂര്‍: ഇന്ത്യയുടെ സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് (68) ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചു. സംയുക്ത സൈനിക മേധാവി (ചീഫ് ഓഫ് ഡിഫന്‍സ്‌) ബിപിന്‍ റാവത്ത് അടക്കം ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ഹെലിക്കോപ്ടര്‍ നീലഗിരിയില്‍ തകര്‍ന്നു വീണു. ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. ബിപിന്‍ റാവത്തും അദ്ദേഹത്തിന്റെ സ്റ്റാഫും കുടുംബാംഗങ്ങളുമാണ് അപകടത്തില്‍ പെട്ടതെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

ബിപിന്‍ റാവത്തിന് പുറമെ അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍.എസ് ലിഡര്‍, ലെഫ്.കേണല്‍ ഹര്‍ജീന്ദര്‍ സിങ്, എന്‍.കെ ഗുര്‍സേവക് സിങ്, എന്‍.കെ ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക്, വിവേക് കുമാര്‍, ലാന്‍സ് നായിക് ബി സായ് തേജ, ഹവീല്‍ദാര്‍ സത്പാല്‍ എന്നിവരാണ് അപകടത്തില്‍ പെട്ട ഹെലിക്കോപ്ടറിലുണ്ടായിരുന്നത്‌.

വ്യോമസേനയുടെ എം.ഐ 17വി.5 ഹെലിക്കോപ്ടറാണ് അപകടത്തില്‍ പെട്ടതെന്ന് വ്യോമസേന ട്വീറ്റ് ചെയ്തു. അപകടത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.കുനൂര്‍ കട്ടേരിക്ക് സമീപമായിരുന്നു ഹെലിക്കോപ്ടര്‍ തകര്‍ന്നുവീണത്. കോയമ്പത്തൂരിലെ സുലൂര്‍ വ്യോമതാവളത്തില്‍ നിന്ന്‌ വെല്ലിങ്ടണ്‍ കന്റോണ്‍മെന്റിലേക്കുള്ള യാത്രാമധ്യേയാണ്‌ അപകടം സംഭവിച്ചത്.