ഇനി എഫ് ഐ ആര്‍ പോലീസ് വെബ് സൈറ്റില്‍

തിരുവനന്തപുരം: സംസ്ഥാന പൊലീസ് രജിസ്റ്റര്‍ ചെയ്യുന്ന എല്ലാ കേസുകളുടെയും പ്രഥമ വിവര റിപ്പോര്‍ട്ട് (എഫ്.ഐ.ആര്‍ ) നാളെ മുതല്‍ പോലിസിന്റെ ഔദ്യോഗിക വെബ് സൈറ്റില്‍ ലഭിക്കും.
കേസ് രജിസ്റ്റര്‍ ചെയ്ത് 24 മണിക്കൂറിനകം എഫ് ഐ ആര്‍ വെബ്‌സൈറ്റില്‍ കാണാനാവുമെന്നാണ് പോലിസിന്റെ അവകാശവാദം. ചില പ്രത്യേക തരം കേസുകളുടെ തൊഴിച്ച് എല്ലാ എഫ്.ഐ.ആറുകളും സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നായിരുന്നു സുപ്രീം കോടതി നിര്‍ദേശം. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അക്രമക്കേസുകള്‍, തീവ്രവാദം, ലൈംഗികാതിക്രമങ്ങള്‍ എന്നിവയൊഴിച്ചുള്ള കേസുകളുടെ പ്രഥമ വിവര റിപ്പോര്‍ട്ടുകള്‍ വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പുറപ്പെടുവിച്ച സര്‍ക്കുലറില്‍ പറയുന്നുണ്ട്.
എന്തെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ 24 മണിക്കൂറിനുള്ളില്‍ പ്രസിദ്ധീകരിക്കാനായില്ലെങ്കില്‍ 72 മണിക്കൂറിനുള്ളില്‍ നിര്‍ബന്ധമായി സൈറ്റില്‍ അപ് ലോഡ് ചെയ്തിരിക്കണമെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യം ആ പ്രദേശത്തെ ചുമതലയുള്ള ഡിവൈ എസ് പി അവിടുത്തെ മജിസ്‌ട്രേറ്റിനെ വിവരം രേഖാ മൂലം അറിയിക്കണം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. പ്രതിവര്‍ഷം ആറ് ലക്ഷം കേസുകളാണ് രജിസ്റ്റര്‍ ചെയ്യുന്നത്. ഇത്രയും കേസുകളുടെ എഫ് ഐ ആറുകള്‍ എങ്ങനെ വെബ് സൈറ്റില്‍ അപ് ലോഡ് ചെയ്യുമെന്ന് ചോദിക്കുന്ന പൊലീസുകാരുമുണ്ട്.