കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം; ലീഗിന്റെ വഖഫ് സംരക്ഷണ റാലിക്കെതിരെ കേസ്

കോഴിക്കോട്: മുസ്ലിം ലീഗിന്റെ വഖഫ് സംരക്ഷണ റാലിക്കെതിരെ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് പൊലിസ് കേസെടുത്തു. നേതാക്കള്‍ക്കും കണ്ടാലറിയാവുന്ന 10,000 പ്രവര്‍ത്തകര്‍ക്കുമെതിരെയാണ് കോഴിക്കോട് വെള്ളയില്‍ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. അനുമതിയില്ലാതെ ജാഥ നടത്തി, ഗതാഗതം തടസപ്പെടുത്തി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

എന്നാല്‍, കണ്ടാലറിയുന്ന പതിനായിരം പേരില്‍ ഒന്നാമതായി പീച്ചിമണ്ണില്‍ അബ്ദുസ്സലാം എന്ന് എഴുതണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായി മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം, വഖഫ് വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ മുസ്ലിം ലീഗിനെതിരെ നടത്തിയ വിമര്‍ശനത്തില്‍ അതേ നാണയത്തില്‍ എംകെ മുനീര്‍ തിരിച്ചടിച്ചു. പിണറായിയുടെ തിട്ടൂരം എകെജി സെന്ററില്‍ മതിയെന്നും ലീഗിന്റെ തലയില്‍ കയറേണ്ടെന്നും മുനീര്‍ പറഞ്ഞു. ലീഗിന്റെ മഹാ സമ്മേളം കണ്ട് പിണറായിക്ക് സ്ഥലകാല ഭ്രമം സംഭവിച്ചിരിക്കുകയാണ് എന്നും അദ്ദേഹം ആരോപിച്ചു.

‘മുസ്ലിം ലീഗ് രാഷ്ട്രീയ സംഘടനയാണോ എന്ന് ചോദിക്കുന്ന പിണറായി വിജയനോട് ഞങ്ങള്‍ക്ക് അങ്ങോട്ട് ചോദിക്കാനുള്ളത് അദ്ദേഹം കമ്യൂണിസ്റ്റാണോ എന്നാണ്. കമ്യൂണിസത്തിന്റെ പഴയകാല നിര്‍വചനങ്ങളുടെ അടിസ്ഥാനത്തില്‍ പിണറായി വിജയന്‍ കമ്യൂണിസ്റ്റ് അല്ല എന്നാണ് ഞങ്ങളൊക്കെ വിശ്വസിക്കുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയിലുള്ള അണികളില്‍ ഭൂരിഭാഗം വിശ്വസിക്കുന്നത് അതാണ്.’- മുനീര്‍ പറഞ്ഞു.

‘വഖഫ് ബോര്‍ഡിലെ നിയമനം പി.എസ്.സിക്ക് വിടുന്ന തീരുമാനം ഏതെങ്കിലും പള്ളികളില്‍ എടുത്തതാണോ? അത് നിയമസഭയില്‍ എടുത്തതല്ലേ? നിയമസഭയിലെ ഒരു രാഷ്ട്രീയ കക്ഷി എന്ന നിലയില്‍ ഞങ്ങള്‍ മിണ്ടരുത് എന്നാണോ അദ്ദേഹം പറയുന്നത്. അദ്ദേഹത്തിന്റെ തിട്ടൂരം വേറെ ആളുകളോട് കാണിച്ചോട്ടെ. മുസ്ലിം ലീഗിന്റെ തലയില്‍ കയറേണ്ട. ഞങ്ങളുടെ മഹാസമ്മേളനം കണ്ട് വിഭ്രാന്തി പൂണ്ടിരിക്കുകയാണ് അദ്ദേഹം. അദ്ദേഹത്തിന് സ്ഥലകാല ഭ്രമം സംഭവിച്ചിരിക്കുന്നു. മുഖ്യമന്ത്രി പറഞ്ഞതു മുഴുവന്‍ വാസ്തവ വിരുദ്ധമാണ്. നിയമസഭയില്‍ വഖഫ് നിയമം നിരാകരിക്കണമെന്ന പ്രമേയമാണ് ഞങ്ങള്‍ കൊണ്ടുവന്നത്. കേസു കാണിച്ച് ഞങ്ങളെ ഭയപ്പടുത്തേണ്ട.’- മുനീര്‍ കൂട്ടിച്ചേര്‍ത്തു.