സൈനിക ഹെലികോപ്റ്റര്‍ അപകടം; അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നു വ്യോമസേന

ന്യൂഡല്‍ഹി: സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെട്ട ഹെലികോപ്റ്റര്‍ അപകടത്തില്‍ അന്വേഷണം തുടരുന്നു. ബ്ലാക് ബോക്‌സ് പരിശോധനയാണ് അന്വേഷണത്തില്‍ നിര്‍ണായകമാകുക. ബ്ലാക് ബോക്‌സിന്റെ ശാസ്ത്രീയ പരിശോധന ഡല്‍ഹിയില്‍ നടക്കും. സംഭവത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും സേനാവൃത്തങ്ങള്‍ അറിയിച്ചു.

കൂനൂരില്‍ വെച്ച് അപകടം ഉണ്ടാകുന്നതിന് തൊട്ടുമുന്‍പ് ഹെലികോപ്റ്ററില്‍ നിന്നുള്ള അവസാന സന്ദേശം എയര്‍ബേസിലേക്ക് ലഭിച്ചുവെന്നാണ് വിവരം. എട്ട് മിനിറ്റിനുള്ളില്‍ ലാന്‍ഡ് ചെയ്യുമെന്ന സന്ദേശം ലഭിച്ചതിന് ശേഷമാണ് ഹെലികോപ്റ്ററുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടത്.

12.15 ന് വെല്ലിങ്ടണില്‍ എത്തേണ്ട ഹെലികോപ്റ്ററുമായുള്ള ബന്ധം 12.8ന് നഷ്ടമായി. തകര്‍ന്ന് വീഴുന്നതിന് മുന്‍പ് അടിയന്തര സന്ദേശം ലഭിച്ചിട്ടില്ലെന്ന് നേരത്തെ വ്യോമസേനയും വ്യക്തമാക്കിയിരുന്നു.

മോശം കാലാവസ്ഥയാണോ സാങ്കേതിക തകരാറാണോ അപകടത്തിലേക്ക് നയിച്ചതെന്ന് കണ്ടെത്താന്‍ വിശദമായ പരിശോധന നടത്തും. വ്യോമസേനാ ട്രെയിനിങ് കമാന്‍ഡിങ് മേധാവി എയര്‍മാര്‍ഷല്‍ മാനവേന്ദ്ര സിങിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

ബ്ലാക് ബോക്‌സ് പരിശോധനയില്‍ ലഭിച്ചവിവരങ്ങള്‍ വെച്ച് സംഘം വിശദമായ റിപ്പോര്‍ട്ടും തയ്യാറാക്കും. അന്വേഷണ വിവരങ്ങള്‍ പുറത്ത് വരുന്നത് വരെ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും വ്യോമസേന ആവശ്യപ്പെട്ടിട്ടുണ്ട്.