വിദ്വേഷ പ്രസംഗം; അബ്ദുറഹ്മാന്‍ കല്ലായിക്കെതിരെ കേസ്

കോഴിക്കോട്: വഖഫ് സംരക്ഷണ റാലിയില്‍ വിദ്വേഷ പ്രസംഗം നടത്തിയ സംഭവത്തില്‍ മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ കല്ലായിക്കെതിരെ കേസെടുത്തു. സംഘര്‍ഷമുണ്ടാക്കുന്ന തരത്തില്‍ പ്രകോപനപരമായി പ്രസംഗിച്ചുവെന്നാണ് കേസ്. സിപിഐഎം പരപ്പനങ്ങാടി ലോക്കല്‍ കമ്മറ്റി അംഗം മുജീബ് റഹ്മാന്‍ എപി നല്‍കിയ പരാതിയില്‍ കോഴിക്കോട് വെള്ളയില്‍ പൊലീസാണ് കേസെടുത്തത്. ഐപിസി 153ാം വകുപ്പ് പ്രകാരമാണ് കേസെടുത്തത്.

മന്ത്രി മുഹമ്മദ് റിയാസിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പ്രസ്താവനയും റാലിയില്‍ ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ കല്ലായി നടത്തിയിരുന്നു. ”റിയാസിന്റേത് വിവാഹമല്ല, വ്യഭിചാരമാണ്. അത് പറയാനുള്ള നട്ടെല്ലുണ്ടാകണം. സ്വവര്‍ഗരതിക്ക് നിയമ പ്രാബല്യം കൊണ്ടുവരണമെന്ന് പറയുന്നവരാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍. അവരുടെ പ്രകടന പത്രികയില്‍ അതിനെക്കുറിച്ച് പറയുന്നുണ്ട്. ഉഭയകക്ഷി സമ്മതപ്രകാരം ലൈംഗിക സ്വാതന്ത്ര്യത്തിനുള്ള ‘വിഡ്ഢിത്തം’ സുപ്രീം കോടതി പ്രഖ്യാപിച്ചപ്പോള്‍ അതിനെ ആദ്യം സ്വാഗതം ചെയ്തത് ഡിവൈഎഫ്‌ഐയാണെന്ന് കമ്മ്യൂണിസ്റ്റുകാരെ പിന്തുണക്കുന്നവര്‍ ചിന്തിക്കണം”, എന്നീ പ്രസ്താവനകളാണ് അബ്ദുറഹ്മാന്‍ കല്ലായി നടത്തിയത്.

പ്രസ്താവന വിവാദമായതോടെ വിവാദ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് അബ്ദുറഹ്മാന്‍ കല്ലായി രംഗത്തെത്തിയിരുന്നു. മതപരമായ കാഴ്ചപ്പാടാണ് താന്‍ പറയാന്‍ ശ്രമിച്ചതെന്നും ആരെയും കുടുംബപരമായോ വ്യക്തപരമായോ വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നുമായിരുന്നു അബ്ദുറഹ്മാന്‍ കല്ലായിയുടെ വിശദീകരണം.