സൈനിക ഹെലികോപ്റ്റര്‍ ദുരന്തം; രക്ഷാപ്രവര്‍ത്തനം നടത്തിയ ഗ്രാമവാസികള്‍ക്ക് ആദരവുമായി കരസേന

ന്യൂഡല്‍ഹി: കൂനൂര്‍ സൈനിക ഹെലികോപ്റ്റര്‍ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ ഗ്രാമവാസികള്‍ക്ക് ആദരവുമായി കരസേന. ഹെലികോപ്റ്റര്‍ അപകടത്തില്‍ രക്ഷാപ്രവര്‍ത്തകരായ നഞ്ചപ്പസത്രം ഗ്രാമവാസികളെ തിങ്കളാഴ്ച ആദരിക്കും. ചടങ്ങില്‍ വ്യോമസേന ദക്ഷിണ്‍ ഭാരത് ഏരിയ ജനറല്‍ കമാന്‍ഡിംഗ് ഓഫീസര്‍ അരുണ്‍ പങ്കെടുക്കും. മുതിര്‍ന്ന വ്യോമ കരസേന ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുക്കും.

ഡിസംബര്‍ 8ന് ഉച്ചയോടെയാണ് രാജ്യത്തെ സംയുക്ത സൈനിക മേധാവിയുടെ ജീവനെടുത്ത ദുരന്തമുണ്ടായത്. ബിപിന്‍ റാവത്ത് സഞ്ചരിച്ച ഹെലികോപ്റ്റര്‍ ഊട്ടിക്ക് അടുത്ത് കൂനൂരില്‍ തകര്‍ന്നു വീഴുകയായിരുന്നു. വ്യോമസേനയുടെ എം.17 ഹെലികോപ്ടറാണ് അപകടത്തില്‍പ്പെട്ടത്.

ജനറല്‍ ബിപിന്‍ റാവത്തിനൊപ്പം അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്തും ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നു. ഇതിന് പുറമേ സംയുക്ത സൈനിക മേധാവിയുടെ ഓഫീസ് ജീവനക്കാരും സുരക്ഷാഭടന്‍മാരും അടക്കം ആകെ 14 പേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ നിന്നും ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് മാത്രമാണ് രക്ഷപ്പെട്ടത്.