കോട്ടയം: പരിവർത്തിത ക്രൈസ്തവ ശുപാർശിത വികസന കോർപറേഷൻ ചെയർമാനായി ഗായകനും സംഗീത സംവിധായകനുമായ ജാസി ഗിഫ്റ്റിനെ നിയമിച്ചേക്കും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്‍റേതാണ് ശുപാർശ. എന്നാൽ ഇക്കാര്യത്തിൽ സിപിഎമ്മിന്‍റെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. കോട്ടയമാണ് കോർപ്പറേഷന്‍റെ ആസ്ഥാനം.
സിപിഎം ജില്ലാ കമ്മിറ്റി അംഗവും മുൻ നഗരസഭ അധ്യക്ഷനുമായ പിജെ വർഗീസാണ് നിലവിൽ കോർപറേഷൻ ചെയർമാൻ. ഇദ്ദേഹത്തിന് രണ്ട് വർഷം കൂടി കാലാവധിയുണ്ട്. ഈ സാഹചര്യത്തിൽ തന്നെയാണ് ജാസി ഗിഫ്റ്റിനെ ചെയർമാനാക്കാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ശുപാർശ ചെയ്തത്.
സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തിന് ശേഷം മാത്രമേ ശുപാർശ നടപ്പാക്കാവൂ എന്ന് ജില്ലയിൽ നിന്നുള്ള നേതാക്കൾ നിർദേശം വച്ചിട്ടുണ്ടെന്നും റിപ്പോർട്ട് പറയുന്നു. ജനുവരി 12-14 തീയതികളിലാണ് ഇവിടെ സമ്മേളനം. ഇത് നേതൃത്വം അംഗീകരിക്കുമോ എന്ന കാര്യത്തിലും വ്യക്തതയില്ല. ബോർഡ് ഓഫ് ഡയറക്ടർ അംഗങ്ങളെ പിന്നീടാകും തീരുമാനിക്കുക.
ചെയർമാൻ സ്ഥാനം സംബന്ധിച്ച് സിപിഎം സംസ്ഥാന നേതാക്കൾ തന്നോട് സംസാരിച്ചിരുന്നതായി ജാസി പ്രതികരിച്ചതായി റിപ്പോർട്ട് ഉണ്ട് . എന്നാൽ, ഇതുസംബന്ധിച്ച് അറിയില്ലെന്നാണ് പി ജെ വർഗീസിന്‍റെ പ്രതികരണം. 2019ലായിരുന്നു വർഗീസ് കോർപറേഷൻ ചെയർമാനായി ചുമതലയേറ്റത്.
 
            


























 
				
















