സംസ്ഥാനത്ത് മകരവിളക്കിന് ശേഷം ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം: ശബരിമല മകരവിളക്കിന് ശേഷം സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്കും വര്‍ധിപ്പിക്കേണ്ടി വരുമെന്ന് മന്ത്രി പറഞ്ഞു.

ബസ് ചാര്‍ജ് വര്‍ധന സംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷനുമായി ഇന്ന് ഗതാഗതമന്ത്രി ചര്‍ച്ച നടത്തും. നിര്‍ണായകമായ ചര്‍ച്ചയാണ് ഇന്ന് നടക്കുന്നത്.

അതേസമയം ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഈ മാസം 21 മുതല്‍ സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് വര്‍ധിപ്പിക്കണമെന്നാണ് ബസ് ഉടമകളുടെ പ്രധാന ആവശ്യം. വിദ്യാര്‍ത്ഥികളുടെ നിരക്ക് കൂട്ടാതെയുള്ള ബസ് ചാര്‍ജ് വര്‍ധനവ് വേണ്ടെന്ന് കൊച്ചിയില്‍ ചേര്‍ന്ന ബസ് ഉടമ സംയുക്ത സമര സമിതി വ്യക്തമാക്കി.

ബസ് യാത്രാനിരക്ക് വര്‍ധിപ്പിക്കുമ്പോള്‍ കണ്‍സെഷന്‍ നിരക്കില്‍ മാറ്റം വരുത്തരുതെന്ന് വിദ്യാര്‍ത്ഥി സംഘടനകളും ആവശ്യപ്പെടുന്നു. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ ആറ് രൂപയാക്കണമെന്നാണ് ബസ് ഉടമകളുടെ പ്രധാന ആവശ്യം.

എന്നാല്‍ ഇത്ര വലിയ വര്‍ധന പറ്റില്ലെന്നും ഒന്നര രൂപയാക്കാമെന്നുമാണ് സര്‍ക്കാര്‍ നിലപാട്. ബസ് ചാര്‍ജ് വര്‍ധനയെ കുറിച്ച് പഠിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ മിനിമം കണ്‍സെഷന്‍ നിരക്ക് അഞ്ച് രൂപയാക്കണമെന്ന ശുപാര്‍ശയാണ് നല്‍കിയിട്ടുള്ളത്.