സിപിഎം ലോക്കല്‍ സെക്രട്ടറി സന്ദീപ് വധക്കേസ്; ആറാം പ്രതിയും അറസ്റ്റില്‍

തിരുവല്ല: സിപിഎം ലോക്കല്‍ സെക്രട്ടറി സന്ദീപിന്റെ കൊലപാതകത്തില്‍ ആറാം പ്രതിയും അറസ്റ്റില്‍. ആലപ്പുഴ കരുവാറ്റ സ്വദേശി രതീഷാണ് അറസ്റ്റിലായത്. സന്ദീപിനെ കുത്തിക്കൊലപ്പെടുത്തിയ പ്രതികള്‍ക്ക് കരുവാറ്റയിലെ വീട്ടില്‍ ഒളിത്താവളം ഒരുക്കിയത് ഇയാളാണ്.

ആലപ്പുഴ സ്വദേശി അരുണിനെ തട്ടിക്കൊണ്ട് പോയ കേസില്‍ റിമാന്‍ഡിലായ രതീഷിനെ ഇന്നലെയാണ് തിരുവല്ല പുളിക്കീഴ് പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. ചോദ്യം ചെയ്യലില്‍ പ്രതികളെ സഹായിച്ചത് താനാണെന്നും ആയുധങ്ങള്‍ തന്റെ വീട്ടിലാണ് ഒളിപ്പിച്ചതെന്നും രതീഷ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

പുളിക്കീഴ് സി.ഐ ഇ.ഡി ബിജുവിന്റെ നേതൃത്വത്തില്‍ നടന്ന ചോദ്യം ചെയ്യലിന് ശേഷം ഇയാലെ തിരുവല്ല ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില് ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇതോടെ ആറാം പ്രതിയായ രതീഷടക്കം കേസില്‍ ഇതുവരെ ആറ് പേരാണ് അറസ്റ്റിലായത്.

സി.പി.എം ലോക്കല്‍ സെക്രട്ടറി സന്ദീപിനെ കുത്തിക്കൊലപ്പെടുത്തിയത് വ്യക്തി വിരോധം മൂലമെന്ന് പ്രതികള്‍ വെളിപ്പെടുത്തിയിരുന്നു. കൊല്ലണമെന്ന് ഉദ്ദേശിച്ചിരുന്നില്ലെന്ന് ഒന്നാം പ്രതി ജിഷ്ണു പറഞ്ഞു. ഒരു വര്‍ഷമായി താന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനല്ലെന്നും ജിഷ്ണു പറഞ്ഞു. തിരുവല്ല ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു പ്രതികളുടെ പ്രതികരണം.