ബി.ജെ.പിയെ തളയ്ക്കാന്‍ അതേ പാതയില്‍ തന്നെ കോണ്‍ഗ്രസ്സും

ഹിന്ദുത്വ രാഷ്ട്രീയം ഉയര്‍ത്തി ബഹുദൂരം മുന്നില്‍ പോയ ബി.ജെ.പിയെ തളയ്ക്കാന്‍ അതേ പാതയില്‍ തന്നെയാണിപ്പോള്‍ കോണ്‍ഗ്രസ്സും സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ പ്രതികരണം നല്‍കുന്ന സൂചനയും അതു തന്നെയാണ്. തീവ്രഹിന്ദുത്വ വാദത്തെ തഴഞ്ഞ് മൃദു ഹിന്ദുത്വവാദത്തെ പുല്‍കുക എന്നതാണ് കോണ്‍ഗ്രസ്സിന്റെ നയം. ഇക്കാര്യം പരസ്യമായി പ്രകടിപ്പിക്കുന്ന കാര്യത്തില്‍ പ്രിയങ്കയും രാഹുലുമാണ് മത്സരിക്കുന്നത്. യു.പി യില്‍ പ്രിയങ്ക പ്രകടിപ്പിച്ച വികാരം തന്നെയാണ് രാഹുല്‍ ഗാന്ധിയും ഇപ്പോള്‍ പ്രകടിപ്പിച്ചിരിക്കുന്നത്. ഈ നയത്തെ പിന്തുണയ്ക്കുന്ന നിലപാടാണ് കേരളത്തിലെ കോണ്‍ഗ്രസ്സ് നേതൃത്വവും സ്വീകരിച്ചിരിക്കുന്നത്. വി.ഡി സതീശന്റെ പ്രസ്താവനയില്‍ ഈ സൂചനയും വ്യക്തമാണ്. മുസ്ലീംലീഗിനെ പ്രതിസന്ധിയിലാക്കുന്ന നിലപാടാണിത്.

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന യു.പി, പഞ്ചാബ്, ഗോവ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ മൂന്നും നാലും സ്ഥാനങ്ങളിലേക്ക് തള്ളപ്പെടുമെന്ന ഭീതിയാണ് യുവ ഗാന്ധിമാരുടെ നിലപാട് മാറ്റത്തിനു പിന്നിലെന്നാണ് സൂചന. നിയസഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി വന്‍ ജയം നേടിയാല്‍ അത്, മോദിയുടെ മൂന്നാം ഊഴത്തിനാണ് വഴി ഒരുക്കുക. ഈ നീക്കം തടയാന്‍ ഹിന്ദുത്വ പ്രീണനം നടത്താന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ്സ് അവരുടെ ഉള്ള വോട്ട് ബാങ്കില്‍ കൂടിയാണ് വിള്ളല്‍ വീഴ്ത്തിയിരിക്കുന്നത്. ഒരു സെക്യുലര്‍ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്സെന്ന കാര്യം മറന്നു നടത്തുന്ന പ്രിയങ്കയുടെയും രാഹുലിന്റെയും പ്രസ്താവനക്കെതിരെ യു.പി.എ ഘടക കക്ഷികളിലും പ്രതിഷേധം വ്യാപകമാണ്.

അതേസമയം കാശി വിശ്വനാഥ ക്ഷേത്രത്തിനെ ഗംഗാ നന്ദിയുമായി ബന്ധിപ്പിക്കുന്ന പുതിയ ഇടനാഴിയുടെ ഉദ്ഘാടനത്തിലും വ്യക്തമായ രാഷ്ട്രീയ സന്ദേശം നല്‍കാനാണ് ബി.ജെ.പി ഇപ്പോള്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഉദ്ഘാടനം നിര്‍വഹിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കം നിരവധി നേതാക്കള്‍ സംബന്ധിച്ച ചടങ്ങിലാണ് ഇടനാഴിയുടെ ഉദ്ഘാടനം മോദി നിര്‍വഹിച്ചിരിക്കുന്നത്. ഉദ്ഘാടനം പ്രസംഗത്തില്‍ ”കാശി അതിന്റെ ഭൂതകാലചൈതന്യം വീണ്ടെടുത്തുവെന്ന് ‘ പറഞ്ഞ മോദി പ്രതിപക്ഷത്തിനെതിരേ രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചിരിക്കുന്നത്.

ചടങ്ങുകള്‍ക്ക് മുന്നോടിയായി ഗംഗയില്‍ മുങ്ങി പൂജ നടത്താനും പ്രധാനമന്ത്രി പ്രത്യേകം സമയം കണ്ടെത്തിയിട്ടുണ്ട്. കാശി വിശ്വനാഥ ക്ഷേത്രത്തിലും മോദി ദര്‍ശനം നടത്തുകയുണ്ടായി. തുടര്‍ന്ന് ഗംഗയില്‍ ഇറങ്ങി സ്‌നാനം നടത്തുകയും പൂജ ചെയ്യുകയും ചെയ്തതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ കാശി ഇടനാഴിയുടെ ഉദ്ഘാടനത്തിലൂടെ ഹൈന്ദവ വോട്ടുകളുടെ ഏകീകരണം എന്ന ലക്ഷ്യത്തിലേക്ക് കൂടിയാണ് ബിജെപി ഇപ്പോള്‍ ചുവടുവയ്ച്ചിരിക്കുന്നത്.

കാശി വിശ്വനാഥക്ഷേത്ര സമുച്ചയത്തെയും ഗംഗാ നദിയെയും ബന്ധിപ്പിക്കുന്ന പുതിയ ഇടനാഴി പദ്ധതിക്കായി 800 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ മാറ്റിവെച്ചിരിക്കുന്നത്. ഇതില്‍ ആദ്യഘട്ട നിര്‍മാണത്തിന് 339 കോടി രൂപയാണ് ചെലവായത്. ക്ഷേത്രത്തിലേക്ക് ആദ്യമായി എത്തുന്നവര്‍ക്ക് സഹായം നല്‍കുന്നതിനുള്ള യാത്രി സുവിധാ കേന്ദ്രം, വിനോദസഞ്ചാര സൗകര്യ കേന്ദ്രം, വേദിക് കേന്ദ്രം, വാരാണസിയുടെ ചരിത്രവും സാംസ്‌കാരിക പ്രാധാന്യവും വ്യക്തമാക്കുന്ന മ്യൂസിയം, ഊട്ടുപുര, ദൂരദേശങ്ങളില്‍നിന്നെത്തുന്ന ഭക്തര്‍ക്ക് വിശ്രമിക്കുന്നതിനുള്ള സൗകര്യം തുടങ്ങി 23 കെട്ടിടങ്ങളാണ് ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആദ്യഘട്ട ഇടനാഴിയുടെ നിര്‍മാണം 2019 മാര്‍ച്ച് എട്ടിനാണ് ആരംഭിച്ചിരുന്നത്.

യു.പി സന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ പ്രധാനമന്ത്രി തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതും ശ്രദ്ധേയമായി.വാരാണസിയില്‍ അര്‍ധരാത്രിയില്‍ ക്ഷേത്ര പരിസരത്ത് കാല്‍നടയായി യാത്ര ചെയ്യുന്നതും നവീകരിച്ച റെയില്‍വേ സ്റ്റേഷന്‍ സന്ദര്‍ശിക്കുന്നതിന്റേയും ചിത്രങ്ങളാണ് മോദി പങ്കുവെച്ചിരിക്കുന്നത്. മോദിക്കൊപ്പം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും മുഴുവന്‍ സമയവും ഉണ്ടായിരുന്നു. ബിജെപി അധികാരത്തിലുള്ള സംസ്ഥാനത്തിലെ മുഖ്യമന്ത്രിമാരുടെ യോഗവും വാരാണസിയിലാണ് ചേര്‍ന്നത്. യോഗം അര്‍ധരാത്രി വരെ നീണ്ടു നിന്നു.

ഈ യോഗത്തിന് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും കാല്‍നടയായി വാരാണസിയിലെ ക്ഷേത്ര പരിസരത്ത് സഞ്ചരിച്ചിരുന്നത്. ബനാറസ് റെയില്‍വേ സ്‌റ്റേഷനും മോദി സന്ദര്‍ശിച്ചു.’ ഈ ദൃശ്യങ്ങളെല്ലാം സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്. അയോധ്യയിലെ രാമക്ഷേത്രത്തിന് തറക്കല്ലിട്ടപ്പോള്‍ നടത്തിയ അതേ പ്രാധാന്യമാണ് യുപിയില്‍ കാശി ഇടനാഴിയുടെ ഉദ്ഘാടനത്തിനും വാരാണസിയിലെ മോദിയുടെ സന്ദര്‍ശനത്തിനും ബിജെപി ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. കാശി ഇടനാഴിയുടെ ഉദ്ഘാടനം വിശ്വാസികള്‍ക്ക് കാണുന്നതിനായി രാജ്യമെമ്പാടും ബിജെപി പ്രത്യേക സംപ്രേക്ഷണ സംവിധാനവും സജ്ജമാക്കിയിരുന്നു. കേരളത്തില്‍ മാത്രം 250 കേന്ദ്രങ്ങളിലാണ് ബിജെപി തത്സമയസംപ്രഷണമൊരുക്കിയിരുന്നത്.

ഹൈന്ദവ വോട്ട് ബാങ്ക് മുന്‍ നിര്‍ത്തി തന്ത്രപരമായ നീക്കം ബി.ജെ.പി നടത്തുമ്പോള്‍ ആ കെണിയില്‍ വീണു പോയ അവസ്ഥയാണിപ്പോള്‍ കോണ്‍ഗ്രസ്സിന് ഉണ്ടായിരിക്കുന്നത്. ബി.ജെ.പി ആഗ്രഹിച്ചത് തന്നെയാണ് പ്രിയങ്കയും രാഹുലും നിലവില്‍ ചെയ്തു കൊണ്ടിരിക്കുന്നത്. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന സംഘപരിവാര്‍ തന്ത്രം തന്നെയാണ് കോണ്‍ഗ്രസ്സിലും നടപ്പായി കൊണ്ടിരിക്കുന്നത്. ന്യൂനപക്ഷ വിഭാഗങ്ങള്‍ കൂടി കൈവിടുന്നതോടെ കോണ്‍ഗ്രസ്സ് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് നേരിടേണ്ടി വരിക. നാട് കാണാനിരിക്കുന്നതും അതു തന്നെയാണ്.