വി.സി നിയമനത്തിലെ ഗവര്‍ണറുടെ നിലപാടില്‍ രാഷ്ട്രീയമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല വി.സി നിയമനത്തിലെ ഗവര്‍ണറുടെ നിലപാടില്‍ രാഷ്ട്രീയമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വി.സി നിയമനങ്ങളില്‍ സര്‍ക്കാര്‍ ഒരിടപെടലും നടത്തിയിട്ടില്ല. നിയമനങ്ങളെല്ലാം സുതാര്യമാണെന്നും നടപടിക്രമങ്ങളെല്ലാം പാലിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മന്ത്രിസഭാ യോഗത്തിലാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ മുഖ്യമന്ത്രി വിമര്‍ശിച്ചത്. വിസി പുനര്‍നിയമന വിവാദങ്ങളില്‍ വിശദീകരണം നല്‍കുകയായിരുന്നു മുഖ്യമന്ത്രി. ഇപ്പോള്‍ നടക്കുന്നത് അനാവശ്യ വിവാദമാണ്. വിസിയുടെ നിയമനങ്ങള്‍ സുതാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, വിസിയുടെ പുനര്‍നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിക്കാതെ തള്ളി. ഇതോടെ കണ്ണൂര്‍ വിസി ഡോ. ഗോപിനാഥ് രവീന്ദ്രന് തുടരാം. പുനര്‍ നിയമനം സാധാരണ നടപടിയെന്ന് വൈസ് ചാന്‍സലറും പ്രതികരിച്ചു. നടന്നത് ശരിയായ നിയമനം മാത്രമാണെന്നും ഇപ്പോള്‍ ഹൈക്കോടതി തന്നെ അത് ശരിവെച്ചെന്നും അദ്ദേഹം പറഞ്ഞു.

ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് രാഷ്ട്രീയവും നിയമവും അറിയാം. കാര്യങ്ങള്‍ പഠിച്ചിട്ട് തന്നെയാകാം ഗവര്‍ണര്‍ നിയമനം നടത്തിയിട്ടുള്ളത്. ഉന്നത വിദ്യാഭ്യാസ മന്ത്രി ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയത് അസാധാരണമല്ലെന്നും സംഭവം ഒരു രാഷ്ട്രീയ വിവാദമാക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.