ലക്‌നൗ: കശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികന്റെ സഹോദരിയുടെ വിവാഹം ഏറ്റെടുത്ത് നടത്തി സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍. കോണ്‍സ്റ്റബിള്‍ ശൈലേന്ദ്ര പ്രതാപ് സിംഗിന്റെ സഹോദരിയുടെ വിവാഹമാണ് സേനാംഗങ്ങള്‍ മുന്‍കൈയെടുത്ത് നടത്തിയത്.
ശൈലേന്ദ്ര സിംഗിന്റെ സ്ഥാനത്ത് നിന്നാണ് സിആര്‍പിഎഫ് ജവാന്മാര്‍ ചടങ്ങുകള്‍ നടത്തിയത്. ഉത്തര്‍പ്രദേശില്‍ വച്ചായിരുന്നു ചടങ്ങുകള്‍.
യൂണിഫോമിലായിരുന്നു ജവാന്‍മാര്‍ വിവാഹത്തിനെത്തിയത്. മുതിര്‍ന്ന സഹോദരന്‍മാര്‍ എന്ന നിലയില്‍ സിആര്‍പിഎഫ് ജവാന്‍മാര്‍ ശൈലേന്ദ്ര പ്രതാപ് സിംഗിന്റെ സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കുന്നു എന്നായിരുന്നു സിആര്‍പിഎഫിന്റെ ട്വീറ്റ്.
സിആര്‍പിഎഫ് 110 ബറ്റാലിയനില്‍ കോണ്‍സ്റ്റബിള്‍ ആയിരുന്ന ശൈലേന്ദ്ര പ്രതാപ് സിംഗ്, 2020 ഒക്ടോബര്‍ 5ന് പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തിലാണ് വീരമൃത്യു വരിച്ചത്. തങ്ങളുടെ സഹപ്രവര്‍ത്തകന്റെ അസാന്നിധ്യത്തിലും അദ്ദേഹത്തിന്റെ കുടുംബത്തോടുള്ള ആദരസൂചകമായാണ് സഹപ്രവര്‍ത്തകര്‍ കുടുംബാംഗത്തിന്റെ സ്ഥാനത്ത് നിന്ന് വിവാഹം നടത്തിയത്.











































