പ്രാഞ്ചിയേട്ടന്‍മാര്‍ അറിയാന്‍….

വര്‍ഷാ വര്‍ഷം പ്രഖ്യാപിക്കുന്ന പത്മാ അവാര്‍ഡുകള്‍ പലപ്പോഴും നമ്മളെ അദ്ഭുതപ്പെടുത്താറുണ്ട്. കാരണം അത് ലഭിക്കുന്നവരില്‍ അധികവും വ്യവസായികളാണ് എന്നത് തന്നെ. വിദേശത്ത് വന്‍വ്യവസായങ്ങള്‍ നടത്തുന്നവര്‍ മുതല്‍ രോഗികളുടെ കഴുത്തറക്കുന്ന ആശുപത്രി മുതലാളിമാര്‍ വരെയുണ്ട് പത്മ അവാര്‍ഡ് നല്‍കി രാജ്യം ആദരിച്ചവരുടെ കൂട്ടത്തില്‍. പത്മ അവാര്‍ഡ് ലഭിച്ചവരെ മുഴുവന്‍ ഈ ഗണത്തില്‍പെടുത്തുകയില്ല. അത്തരക്കാരും ഉണ്ട് എന്നാണ് പറയുന്നത്. അന്‍പത് ലക്ഷം മുതല്‍ ഒരു കോടിവരെ മുടക്കിയാണ് ഇവരില്‍ പലരും അവാര്‍ഡ് സഘടിപ്പിച്ചത് എന്നാണ് കഥകള്‍ കേള്‍ക്കുന്നത്. ഇങ്ങനെ പത്മ പുരസ്‌കാരങ്ങള്‍ വാങ്ങിയെടുത്തവര്‍ അറിയേണ്ട ഒരാളാണ് പി.എന്‍.ഹക്സര്‍.

ആരാണ് പി.എന്‍.ഹക്സര്‍..

ഇന്ത്യയുടെ സാമ്പത്തിക രംഗത്തേയും ഭരണ രംഗത്തേയും ഒരു പോലെ സ്വധീനം ചെലിത്തുയ ഒരു ബ്യാൂറോക്രാറ്റാണ് പി.എന്‍.ഹക്സര്‍. ഇന്ദിരാഗന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ അവരുടെ സെക്രട്ടറിയായിരുന്നു ഹക്സര്‍. ബാങ്കുകളുടെ നാഷണലൈസേഷന്‍ മുതല്‍ ബഗ്ലാദേശ് വിഭജനം വരെയുള്ള കാര്യങ്ങളില്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ ബുദ്ധികേന്ദ്രം ഹക്സറായിരുന്നു. ഇതോടൊപ്പം തന്നെ വിദേശ രാജ്യങ്ങളുമായുള്ള നയപരമായ ബന്ധങ്ങള്‍ വിപുലപ്പെടുത്തുന്നതിലും ഇന്ദിരാഗാന്ധിയെ സഹായിച്ചത് ഹക്സര്‍ എന്ന ഉദ്യോഗസ്ഥനായിരുന്നു. ബഗ്ലാദേശ് വിഭജന സമയത്ത് രാജ്യത്തിന്റെ താല്പ്പര്യത്തിന് വിരുദ്ധമായുള്ള അമേരിക്കയുടേയും ചൈനയുടേയും കടന്നുകയറ്റത്തെ ഇന്ദിരാഗന്ധിക്ക് ചെറുക്കാനായത് ഹക്സറുടെ നയതന്ത്ര കഴിവ് കൊണ്ടാണ്. 1972ലെ ഇന്ദിരാഗാന്ധിയും സുള്‍ഫിക്കര്‍ അലി ഭൂട്ടോയും തമ്മിലെ സിംലകരാറിനു പിന്നിലും ഈമിടുക്കനായ ഉദ്യോഗസ്ഥനായിരുന്നു. 1973 ജാനുവരി 15നാണ് അദ്ദേഹം പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി റിട്ടയര്‍ ചെയ്യുന്നത്.

പത്മാപുരസ്‌കാരം വേണ്ട.

1973 ജാനുവരിയില്‍ സര്‍വ്വീസില്‍നിന്നും പിരിഞ്ഞ ഹക്സറിന് പത്മവിഭൂഷണ്‍ നല്‍കാന്‍ ഇന്ദിരാഗാന്ധി സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ആ തീരുമാനം അന്നത്തെ ഹോംസെക്രട്ടറി ഗോവിന്ദ് നാരായണ്‍ അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു. ആലോചിക്കാന്‍ രണ്ടു ദിവസത്തെ സമയം ആവശ്യപ്പെട്ട അദ്ദേഹം. പത്മവിഭൂഷണ്‍ ബഹുമതി വേണ്ട എന്ന് കാട്ടി ഗോവിന്ദ് നാരായണന് കത്തെഴുതി. ആ കത്തില്‍ പറയുന്നത് ഇങ്ങനെയാണ്.

ഒരു പൊതുസേവകനായി ഇത്രയും വര്‍ഷം ജോലി ചെയ്യാനായി എന്നതു തന്നെ തനിക്ക് വലിയൊരു അംഗീകാരമാണ്. കുറ്റബോധമില്ലാതെ ജീവിക്കാന്‍ ആത്മാര്‍ഥമായി ജോലി ചെയ്യണം എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതുകൊണ്ട് തന്നെ ജോലി ചെയ്തതിന് അവാര്‍ഡ് വാങ്ങുന്നത് തന്റെ മനസാക്ഷിക്ക് നിരക്കാത്തതാണ്. ദയവായി നിര്‍ബന്ധിക്കരുത് എന്നാണ്. ഹിന്ദു ദിന പത്രത്തില്‍ മുന്‍കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജയറാം രമേശ് ഹക്സറിനെ കുറിച്ചുള്ള ലേഖനത്തില്‍ പറയുന്ന പോലെ this man was unique.

ഇക്കാര്യം വീണ്ടും ഓര്‍മിപ്പിക്കാന്‍ കാരണം അടുത്ത ദിവസങ്ങളില്‍ തന്നെ ഈ വര്‍ഷത്തെ പത്മാ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കാന്‍ പോവുകയാണ്. മുന്‍ വര്‍ഷങ്ങളിലേതു പോലെ പല പ്രാഞ്ചി മുതലാളിമാരും പുരസ്‌കാരത്തിനുള്ള കുപ്പായവും തുന്നി കാത്തിരിക്കുകയാണ്. നാടുനീളെ സ്വീകരണത്തിനുള്ള ഒരുക്കങ്ങളും ചെയ്തിട്ടുണ്ടാകും. മുന്‍ വര്‍ഷങ്ങളില്‍ അവാര്‍ഡ് ലഭിച്ചവരില്‍ പലരുടെ പേരിലും എത്ര കേസുകളുണ്ടെന്നു പോലും പരിശോധന നടന്നിട്ടില്ല. കേരളത്തിലെ പ്രശ്സ്തനായ ക്യാന്‍സര്‍ ചികിത്സകനായ പി.വി.ഗംഗാധരന്‍ പോലും ഈ പട്ടികക്ക പുറത്ത് നില്‍ക്കുമ്പോള്‍. പല സ്വകാര്യ ആശുപത്രി മുതലളിമാരായ ഡോക്ടര്‍മാര്‍ പേരിനു മുന്നില്‍ പത്മശ്രീ ചേര്‍ത്തു കഴിഞ്ഞു. ഇത്തരക്കാര്‍ ഈ അവാര്‍ഡുമായി ഞെളിഞ്ഞ് നടക്കുമ്പോല്‍ ഇല്ലാതാകുന്നത് രാജ്യം ആദരിച്ച് നല്‍കുന്ന ഈ പുരസ്‌കാരങ്ങളുടെ പ്രഭയാണ്.