ലുധിയാനയില്‍ കോടതിയില്‍ സ്‌ഫോടനം; രണ്ട് മരണം

പഞ്ചാബ് ലുധിയാന കോടതിയില്‍ സ്‌ഫോടനം. ലുധിയാനയിലെ കോടതി സമുച്ചയത്തില്‍ മൂന്നാം നിലയിലാണ് സ്‌ഫോടനം ഉണ്ടായിരിക്കുന്നത്. സംഭവത്തില്‍ രണ്ട് പേര്‍ മരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. സ്‌ഫോടനത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റതായും ദേശീയ മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.ലുധിയാന ജില്ലാ കോടതി കോംപ്ലക്സിന്റെ മൂന്നാം നിലയിലുള്ള ശുചിമുറിയിലാണ് സ്ഫോടനമുണ്ടായത്. ഇന്നുച്ചയ്ക്ക് 12.20ഓടെയാണ് സംഭവം. കോടതി കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് സ്‌ഫോടനം സംഭവിച്ചിരിക്കുന്നത്. കോടതി നടപടികള്‍ നടക്കുന്നതിനിടെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടാവുകയായിരുന്നു.സ്ഫോടനമുണ്ടായ മുറിയുടെ ജനല്‍ച്ചില്ലുകളും ഭിത്തിയും തകര്‍ന്നു കോടതി സമുച്ചയത്തിനുള്ളില്‍ നിന്നും പൊട്ടാത്ത രണ്ട് ബോംബുകളും കണ്ടെത്തിയതായി വിവരമുണ്ട്. പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതിനിടെ, സംഭവത്തെ പഞ്ചാബ് മുഖ്യമന്ത്രി അപലപിച്ചു. പഞ്ചാബിന്റെ സമാധാനം തകര്‍ക്കാനുള്ള ശ്രമമത്തിന്റെ ഭാഗമാണ് ഇത്തരം സംഭവങ്ങള്‍ എന്നായിരുന്നു പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നിയുടെ പ്രതികരണം. മേഖലയില്‍ പൊലീസ് കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തി.

ലുധിയാന കോടതിയിലേത് ചാവേര്‍ ആക്രമണമെന്ന് സൂചന; പഞ്ചാബില്‍ അതീവ ജാഗ്രതാനിര്‍ദേശം

ലുധിയാന ജില്ലാ കോടതി സമുച്ചയത്തിലെ സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ പഞ്ചാബിൽ അതീവജാഗ്രത നിർദ്ദേശം. 2022 ജനുവരി 13 വരെ ലുധിയാനയിൽ നിരോധനാഞ്ജന പ്രഖ്യാപിച്ചു. പഞ്ചാബ് ഉപമുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ സുഖ്ജീന്ദർ സിംഗ് രണ്‍ധാവയാണ് ഇക്കാര്യം അറിയിച്ചത്. പ്രാഥമിക അന്വേഷണത്തില്‍ ലുധിയാനയിലേത് ഭീകരാക്രമണമാണ് എന്നാണ് പൊലീസിന്റെ നിഗമനം.സ്ഫോടന സ്ഥലത്തുനിന്ന് തിരിച്ചറിയാനാവാത്ത വിധം കത്തിക്കരിഞ്ഞ നിലയില്‍ ഒരു മൃതദേഹം കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചാവേറാക്രമണ സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്. നിർണ്ണായക തെളിവായതിനാല്‍ ഇന്നലെ ദേശീയ സുരക്ഷ ഗാർഡ് (എന്‍എസ്ജി) പരിശോധന പൂർത്തിയാക്കുന്നതുവരെ മൃതദേഹം സ്ഥലത്തുനിന്ന് നീക്കം ചെയ്തിട്ടില്ലായിരുന്നു. ചാവേർ ആക്രമണം, അല്ലെങ്കില്‍ സ്ഫോടക വസ്തുക്കള്‍ സ്ഥാപിക്കാനുള്ള ശ്രമത്തിനിടെ ഉണ്ടായ സ്ഫോടനം എന്ന നിലയിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കോടതി സമുച്ചയത്തിനുള്ളില്‍ നിന്നും പൊട്ടാത്ത രണ്ട് ബോംബുകളും കണ്ടെത്തിയതായും വിവരമുണ്ടായിരുന്നു. ഇതടക്കമുള്ള സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഫോറന്‍സിക് റിപ്പോർട്ട് പുറത്തുവരുന്നതോടെ വ്യക്തമാകുമെന്നാണ് കണക്കുകൂട്ടല്‍. സ്ഫോടനത്തില്‍ സംസ്ഥാന ഉദ്യോഗസ്ഥരിൽ നിന്ന് കേന്ദ്രം റിപ്പോർട്ട് തേടിയിട്ടുണ്ട്. ദേശീയ അന്വേഷണ ഏജൻസികളായ എൻഐഎ, എൻഎസ്ജ) സംഘങ്ങള്‍ സംഭവ സ്ഥലത്ത് പരിശോധന തുടരുകയാണ്.അതേസമയം,സംഭവത്തില്‍ വിരമിച്ച സുപ്രിംകോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം അന്വേഷണം വേണമെന്ന് ലുധിയാന ബാർ അസോസിയേഷന്‍ ആവശ്യപ്പെട്ടു. നിലവില്‍ യുഎപിഎ വകുപ്പ് ചുമത്തി പഞ്ചാബ് പൊലീസ് കേസ് എടുത്തിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.20ഓടെയാണ് ലുധിയാന ജില്ലാ കോടതി കോംപ്ലക്സിന്റെ മൂന്നാം നിലയിലുള്ള ശുചിമുറിയിലാണ് സ്ഫോടനമുണ്ടായത്. കോടതി കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് സ്‌ഫോടനമുണ്ടായത്. സ്ഫോടനമുണ്ടായ മുറിയുടെ ജനല്‍ച്ചില്ലുകളും ഭിത്തിയും തകര്‍ന്നു. കോടതി നടപടികള്‍ നടക്കുന്നതിനിടെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടാവുകയായിരുന്നു. സ്ഫോടനത്തിൽ‌ ഒരാൾ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.തെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ സമാധാനം തകർക്കാനുള്ള ദേശവിരുദ്ധ ശക്തികളുടെ ശ്രമമാണ് സ്ഫോടനത്തിന് പിന്നിലെന്ന് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നി ആരോപിച്ചു. ഖലിസ്ഥാനി സംഘടയാണ് സ്ഫോടനത്തിന് പിന്നിലെന്ന് ചില ദേശീയ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു.