കോണ്‍ഗ്രസ് നേതൃത്വത്തെ പരോക്ഷമായി വിമര്‍ശിച്ച് ഉമ്മന്‍ചാണ്ടിയും കെ എം അഭിജിത്തും

കോണ്‍ഗ്രസ് നേതൃത്വത്തെ പരോക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന നേതാവ് ഉമ്മന്‍ചാണ്ടിയും കെഎസ്.യു സംസ്ഥാന അധ്യക്ഷന്‍ കെ എം അഭിജിത്തും. ഗാഡ്ഗില്‍ വിഷയത്തില്‍ പിടി തോമസിനൊപ്പം നില്‍ക്കാന്‍ കഴിയാത്തത് ബാഹ്യസമ്മര്‍ദ്ദം മൂലമാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ഉള്ളില്‍ ഒരു കാര്യം വച്ച് മറ്റൊന്ന് പ്രവര്‍ത്തിക്കുന്ന സ്വഭാവം പി.ടി തോമസിന് ഇല്ലായിരുന്നു. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടെ പി.ടി തോമസ് നിലപാടില്‍ ഉറച്ച് നിന്നു. അദ്ദേഹം എടുത്ത നിലപാടുകളായിരുന്നു ശരി. അന്ന് അദ്ദേഹത്തെ പിന്തുണയ്ക്കണം എന്നുണ്ടായിരുന്നു എങ്കിലും അതിന് കഴിഞ്ഞില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കെഎസ്.യു സംഘടിപ്പിച്ച പി.ടി തോമസ് അനുസ്മരണ പരിപാടിയിലാണ് ഉമ്മന്‍ചാണ്ടി ഇക്കാര്യം തുറന്നുപറഞ്ഞത്. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട പി ടി തോമസിനെ പാര്‍ട്ടി പിന്തുണച്ചില്ലെന്ന് കെ എം അഭിജിത്ത് പറഞ്ഞു. പി ടി ഉയര്‍ത്തിപ്പിടിച്ച ആശയങ്ങള്‍ പിന്തുടരാന്‍ പാര്‍ട്ടിക്ക് കഴിയണം. ആ മൂല്യങ്ങള്‍ക്കൊപ്പം മുന്നോട്ട് പോകാനാണ് കെഎസ്.യുവിന് താല്പര്യമെന്നും അനുസ്മരണ സമ്മേളനത്തില്‍ അഭിജിത്ത് പറഞ്ഞു.