അമേരിക്കയില്‍ മലയാളിയായ മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ വെടിയേറ്റു മരിച്ചു

ടെക്‌സസ്: യുഎസിലെ ടെക്‌സസിലെ എല്‍ പാസോ നഗരത്തില്‍ മലയാളിയായ മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ വെടിയേറ്റു മരിച്ചു. ആണ്ടൂര്‍ പകലോമറ്റം മാണി – എലിസബത്ത് ദമ്പതികളുടെ മകന്‍ ഇമ്മാനുവേല്‍ വിന്‍സെന്റ് പകലോമറ്റം (ജെയ്‌സണ്‍-44) ആണ് അക്രമിയുടെ വെടിയേറ്റു മരിച്ചത്.

ഡിസംബര്‍ 20നായിരുന്നു സംഭവം. അമേരിക്കന്‍ സേനയില്‍ ക്യാപ്റ്റന്‍ പദവിയിലിരുന്നു വിരമിച്ച ഉദ്യോഗസ്ഥനായതിനാല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടത് കഴിഞ്ഞ ദിവസമാണ്. നഗരത്തിലെ പാര്‍ക്കിങ് ഏരിയയില്‍ ഇമ്മാനുവല്‍ വിന്‍സെന്റിനു നേരെ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. അക്രമിയെയും പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അന്വേഷണം തുടരുന്നതിനാല്‍ സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തിനു പിന്നില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

കനക്ടികട്ട് സര്‍വകലാശാലയില്‍ നിന്നു യുഎസ് എയര്‍ഫോഴ്‌സിന്റെ ആര്‍ഒടിസി പ്രോഗ്രാമിലേക്കു തിരഞ്ഞെടുക്കപ്പെട്ട ഇമ്മാനുവല്‍ വിദ്യാഭ്യാസത്തിനു ശേഷം സൈനിക ജോലിയില്‍ പ്രവേശിക്കുകയായിരുന്നു. 2012ല്‍ യുഎസ് മിലിറ്ററി ക്യാപ്റ്റന്‍ പദവിയിലാണു വിരമിച്ചത്. യുഎസ് സൈന്യത്തിന്റെ ഭാഗമായി 2 തവണ ഇറാഖിലും ജര്‍മനി, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ന്യൂയോര്‍ക്കിലാണ് ഇമ്മാനുവല്‍ ജനിച്ചത്. അവിവാഹിതനാണ്. പിതാവ് മാണി മാത്രമാണ് നാട്ടിലെ വീട്ടിലുള്ളത്. അമ്മ എലിസബത്ത് അമേരിക്കയിലാണ്.

സംസ്‌കാര ശുശ്രൂഷകള്‍ 7നു രാവിലെ 11ന് ഹാര്‍ട്ഫഡിലെ സെന്റ് തോമസ് സിറോ മലബാര്‍ പള്ളിയില്‍ ആരംഭിക്കും. തുടര്‍ന്ന് സംസ്‌കാരം സൈനിക ബഹുമതികളോടെ മിഡില്‍ടൗണിലെ ‘ദ് സ്റ്റേറ്റ് വെറ്ററന്‍സ്’ സെമിത്തേരിയില്‍. ജോ, ജയിംസ്, ജെഫ്രി എന്നിവരാണു സഹോദരങ്ങള്‍.