അടച്ചിടല്‍ ഒഴിവാക്കാന്‍ ജാഗ്രത പാലിക്കണമെന്ന് വീണ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് ഇപ്പോള്‍ ആലോചനയിലില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. പൂര്‍ണമായ അടച്ചിടല്‍ ജനജീവിതത്തെ ബാധിക്കും. കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ പ്രാഥമിക കൊവിഡ് ചികില്‍സാ കേന്ദ്രങ്ങള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ കണ്ടുവയ്ക്കാന്‍ ഡിഎംഒ മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.

സാമ്പത്തിക രംഗം മുന്നോട്ട് പോവേണ്ടതുണ്ടതുണ്ട്. സമ്പൂര്‍ണ അടച്ചിടല്‍ ഇതിന് തടസമാവും. ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലം നിലനില്‍ക്കുമ്പോഴും ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളെപ്പറ്റി ഇപ്പോള്‍ ആലോചിക്കുന്നില്ല. പൂര്‍ണമായ അടച്ചിടല്‍ ജനജീവിതത്തെ ബാധിക്കും. അടച്ചിടല്‍ ഒഴിവാക്കാന്‍ എല്ലാവരും ജാഗ്രത പാലിക്കണം.

വിദേശത്ത് നിന്നു വരുന്നവര്‍ക്കുള്ള ക്വാറന്റീന്‍ മാനദണ്ഡം കേന്ദ്ര നിര്‍ദേശമനുസരിച്ചാണ്. ഒമിക്രോണ്‍ വകഭേദത്തിന്റെ വ്യാപന ശേഷി കൂടുതലായതിനാലാണ് നിയന്ത്രണം കടുപ്പിച്ചത് എന്നും ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ കൊവിഡ്, ഒമിക്രോണ്‍ കേസുകളില്‍ വ്യാപക ഉയര്‍ച്ച രേഖപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് പ്രതികരണം.