BREAKING NEWS: ജോലി തട്ടിയെടുക്കാന്‍ സഹപ്രവര്‍ത്തകയുടെ രോഗവിവരം പരസ്യമാക്കിയ പൂതന

എച്ച്.ഐ.വി ബാധിതരുടെ സംരക്ഷണത്തിനായുള്ള എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയിലാണ് എയ്ഡ്സ് ബാധിതയായ ജീവനക്കാരിക്ക് ഈ ദുരനുഭവം

ഈ തട്ടിപ്പ് നടത്തിയ സ്ത്രീ ഇപ്പോഴും കരാര്‍ വ്യവസ്ഥയില്‍ എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയില്‍ തുടരുന്നു 

-പി.ബി. കുമാര്‍-

ഒരു സര്‍ക്കാര്‍ ജോലി സ്ഥിരപ്പെടുത്തുന്നതിനുവേണ്ടി സഹപ്രവര്‍ത്തകയുടെ രഹസ്യമാക്കിവെക്കേണ്ട രോഗവിവരം പരസ്യമാക്കി ജോലി തട്ടിയെടുക്കാന്‍ ശ്രമിച്ച വനിതക്കെതിരെ പോലീസ് അന്വേഷണ റിപ്പോര്‍ട്ട്. ഇത്രമേല്‍ മനുഷ്യത്വരഹിതമായി പെരുമാറിയ ഈ ജീവനക്കാരി ഇപ്പോഴും സര്‍വ്വീസില്‍ തുടരുകയാണ്.

എച്ച്.ഐ.വി.ബാധിതയായ എയ്ഡ്സ് കൺട്രോൾ സൊസൈറ്റി ജീവനക്കാരിയുടെ രോഗവിവരം പരസ്യമാക്കിയത് സഹപ്രവർത്തക തന്നെയെന്നാണ് പോലീസ് കണ്ടെത്തല്‍. സഹപ്രവര്‍ത്തകയുടെ രോഗവിവരം പരസ്യമായ സംഭവം വിവാദമായതിനെത്തുടര്‍ന്നാണ് പോലീസ് അന്വേഷണം നടത്തിയത്.

രോഗ വിവരം ചോര്‍ത്തിയ സംഭവം പൈങ്കിളി സീരിയല്‍ കഥകളേക്കാൾ ഉദ്വേഗഭരിതം. എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയിലെ ജീവനക്കാരി തന്നെ സഹപ്രവർത്തകയുടെ രോഗവിവരം ചോർത്തിയത് ഒരു പക്ഷേ ലോകത്തെ ആദ്യ സംഭവമായിരിക്കും. എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയിൽ തന്നെ ഇത്തരമൊരു സംഭവം നടന്നത് ആശ്ചര്യകരമാണ്. രോഗബാധിതരെക്കുറിച്ചുള്ള വിവരം രഹസ്യമാക്കിവെക്കണമെന്ന അലിഖിതമായ നിയമമാണ് അതിക്രൂരമായി ലംഘിക്കപ്പെട്ടത്.

സൊസൈറ്റിയിൽ ഉദ്യോഗസ്ഥയായ എച്ച്.ഐ.വി. രോഗിണിയെ മിനി എന്നു വിളിക്കാം. സഹപ്രവർത്തകയെ സിനി എന്നും വിളിക്കാം.. ഇരുവരും സമാന തസ്തികയിൽ കരാർ അടിസ്ഥാനത്തിലാണ് ജോലി ചെയ്യുന്നത്.

രോഗബാധിതയുടെ ഭർത്താവ് എച്ച് ഐ വി അണുബാധ കാരണമാണ് മരിച്ചത്. പറക്കമുറ്റാത്ത രണ്ട് പെൺകട്ടികളുണ്ട്. ഭർത്താവ് മരിച്ചതോടെയാണ് മിനിക്ക് സൊസൈറ്റിയിൽ ജോലി ലഭിച്ചത്. നാഷണൽ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷന്റെ നിയമപ്രകാരം എച്ച് ഐ വി അണുബാധിതയുടെ വിവരങ്ങൾ അതീവ രഹസ്യമായി സുക്ഷിക്കണം. എന്നാൽ മിനിയുടെ ജോലി സ്ഥിരമാക്കുന്നതിനു വേണ്ടി സർക്കാരിലേക്ക് സൊസൈറ്റി അയച്ച ഒരു കത്തിൽ മിനിയുടെ രോഗ വിവരങ്ങൾ ഉണ്ടായിരുന്നു എന്നാണ് ആരോപണം. പ്രസ്തുത കത്ത് സ്ഥാപനത്തിലെ ഒരു ജീവനക്കാരന് ലഭിക്കുകയും അയാൾ അക്കാര്യം പരസ്യമാക്കുകയും ചെയ്തു എന്നാണ് മിനിയുടെ ആരോപണം. എന്നാൽ പോലീസന്വേഷണത്തിൽ വെളിപ്പെടുത്തപ്പെട്ടത് മറ്റൊരു ഞെട്ടിപ്പിക്കുന്ന  കഥയാണ്.

രോഗബാധിതയുടെ പരാതി സർക്കാരിൽ ലഭിച്ചതോടെയാണ് രഹസ്യാന്വേഷണം നടന്നത്. അന്വേഷണ റിപ്പോർട്ട് വൈ ഫൈ റിപ്പോർട്ടർക്ക് ലഭിച്ചു.

അടുത്ത സുഹൃത്തുക്കളായിരുന്നു. മിനിയും സിനിയും. മിനിയുടെ ജോലി സ്ഥിരമാക്കുന്നതിനുള്ള അപേക്ഷ സർക്കാരിലേക്ക് അയച്ചതോടെ സിനി അസ്വസ്ഥയായി. ഒരുതരം ആസൂയയോടുകൂടി മിനിയുടെ ജോലി തെറിപ്പിക്കാനുള്ള നീക്കങ്ങളുമായി സിനി പിന്നീട് നീങ്ങുകയായിരുന്നു. ഒരു പ്രത്യേക തസ്തികയിലാണ് മിനിയുടെ നിയമനം. പ്രസ്തത തസ്തിക എച്ച്.ഐ.വി.അണുബാധിതർക്കായി സംവരണം ചെയ്യപ്പെട്ടതാണ്.അതായത് മിനിക്ക് മാത്രമേ സ്ഥിരം ജോലി ലഭിക്കുകയുള്ളു.  മിനിയെ ഒരു കാരണവശാലും സ്ഥിരപ്പെടുത്താൻ അനുവദിക്കില്ലെന്ന് സിനിക്ക് വാശിയായി. അവർ മിനിയുടെ പേഴ്സണൽ ഫയൽ അടിച്ചു മാറ്റി. അതീവ രഹസ്യമായി സൂക്ഷിക്കേണ്ട ഫയലാണ് സിനിയുടെ കൈയില്‍ എത്തിയത്.

മിനിക്ക് അണുബാധ ഉണ്ടെന്ന കാര്യം അവരുടെ മാതാപിതാക്കൾക്കോ മക്കൾക്കോ അറിയില്ല. ഓഫീസിലാർക്കുമറിയില്ല. എന്നാൽ ഇക്കാര്യം സിനി മണത്തറിഞ്ഞു. അടിച്ചുമാറ്റിയ രോഗവിവരം അടങ്ങിയ ഫയൽ സിനി തന്റെ ‘അനുജത്തിയുടെ ആലപ്പുഴ സ്വദേശിയായ ഭർത്താവിന് കൈമാറി. മിനിയുടെ രോഗവിവരം പരസ്യമാക്കണമെന്നതായിരുന്നു ആവശ്യം. അയാൾ മിനിയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്താൻ തുടങ്ങി. രോഗവിവരം നാട്ടുകാരെ അറിയിക്കുമെന്നായിരുന്നു ഭീഷണി. ഗത്യന്തരമില്ലാതെ മിനി ഉന്നത പോലീസ് ഉദ്യോഗസ്ഥരെ സമീപിച്ചു. ഇതിനിടയിൽ ആലപ്പുഴക്കാരൻ ഒരു ആൾട്ടോ കാറിൽ നേരിട്ടെത്തിയും ഭീഷണിപ്പെടുത്തി.

രോഗവിവരം പുറത്താക്കിയ ജീവനക്കാരിക്കെതിരെ കര്‍ശന നടപടിയെടുക്കണം എന്നാവശ്യപ്പെടുന്ന അന്വേഷണ റിപ്പോര്‍ട്ട്‌
രോഗവിവരം പുറത്താക്കിയ ജീവനക്കാരിക്കെതിരെ കര്‍ശന നടപടിയെടുക്കണം എന്നാവശ്യപ്പെടുന്ന അന്വേഷണ റിപ്പോര്‍ട്ട്‌

പോലീസ് കാറിന്റെ നമ്പരും ഫോൺ നമ്പരും ചേർത്ത് അന്വേഷണം തുടങ്ങി. കാറിന്റെ ഉടമ തിരുവനന്തപുരം  പാൽ കുളങ്ങര സ്വദേശിനിയാണെന്നു മനസിലാക്കി. അവരെ ചോദ്യം ചെയ്തപ്പോൾ മരുമകൾ കാർ ഉപയോഗിക്കാറുണ്ടെന്ന് മനസിലാക്കി. മരുമകളുടെ സഹോദരനും കാർ ഉപയോഗിക്കും. മരുമകളുടെ സഹോദരനാണ് സിനിയുടെ അനുജത്തിയെ വിവാഹം കഴിച്ചിരിക്കുന്നത്. ഫോൺ നമ്പർ ആലപ്പുഴക്കാരന്റേതാണെന്നും തിരിച്ചറിഞ്ഞു. പോലീസ് ആലപ്പുഴക്കാരനെ പിടികൂടി. അദ്ദേഹം സിനിയാണ് തനിക്ക് ഫയൽ കൈമാറിയതെന്നു സമ്മതിച്ചു. പിന്നീട് സിനിയുമായി സ്വരചേർച്ചയില്ലാതായി. അങ്ങനെ ഫയൽ എച്ച് ഐ വി ബാധിതയായ മിനിയെ തിരിച്ചേൽപ്പിച്ചു.

കർശന നടപടി വേണമെന്നാണ് പോലീസ് ആവശ്യപ്പെടുന്നത്. ഫയലിന്റെ കസ്റ്ററ്റോഡിനെതിരെ നടപടി വേണ്ടമെന്നാണ് പോലീസ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഫയലിന്റെ സൂക്ഷിപ്പുകാർ സെക്രട്ടറിയേറ്റിൽ നിന്നും സൊസൈറ്റിയിൽ ഡപ്യൂട്ടേഷനിലെത്തിയ ഒരു ഉദ്യോഗസ്ഥനായിരുന്നു.

ഡി ജി പി യുടെ നിർദ്ദേശാനുസരണം പ്രത്യേകസംഘത്തിലെ പോലീസാണ് അന്വേഷണം നടത്തിയത്.