മൗര്യയെ ‘തുറുപ്പു ചീട്ടാക്കാൻ’ സമാജ് വാദി പാർട്ടി

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന ഘട്ടത്തിൽ ബിജെപിക്ക് തലവേദനയായി ഉത്തർപ്രദേശിൽ കൂട്ടരാജി. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് മന്ത്രിമാരാണ് രാജിവെച്ചൊഴിഞ്ഞത്. ​യോ​ഗി ആ​ദിഥ്യനാഥിനെതിരെ കഴിഞ്ഞ കുറേനാളുകളായി പാർട്ടിക്കുള്ളിൽ നടക്കുന്ന വിമത നീക്കങ്ങളാണ് ഇപ്പോൾ മറനീക്കി പുറത്തുവന്നിരിക്കുന്നത്. നേരത്തെ അഖിലേഷ് മുഖ്യമന്ത്രിയായിരിക്കെ നിയമസഭയിൽ പ്രതിപക്ഷ നേതാവായിരുന്നു സ്വാമി പ്രസാദ് മൗര്യ. 5 തവണ എംഎൽഎയായിട്ടുമുണ്ട്. തന്റെ രാജി ബിജെപിക്ക് തെരെഞ്ഞെടുപ്പിൽ വലിയ ആഘാതമുണ്ടാക്കുമെന്ന് പ്രഖ്യാപിച്ചാണ് മൗര്യ പാളയം വിട്ടത്.

മാര്യയ്ക്കൊപ്പം റോഷൻ ലാൽ വർമ, ബ്രിജേഷ് പ്രജാപതി, ഭഗവതി സാഗർ, വിനയ് ശാഖ്യ എന്നീ എംഎൽഎമാരും രാജി സമർപ്പിച്ചിരുന്നു. മോദി പ്രഭാവത്തിൽ അധികാരം നിലനിർത്താമെന്ന് യോ​ഗി സർക്കാരിന്റെ കണക്കുകൂട്ടലുകൾ കൂടിയാണ് ഇതോടെ തകരുന്നത്. അനുനയ നീക്കങ്ങളൊന്നും ലക്ഷ്യം കാണാതിരുന്നതോടെയാണ് ആറ് പ്രമുഖരുടെ രാജിയെന്നതും നിർണായകമാണ്. മോദി സർക്കാരിന്റെ ശക്തി കേന്ദ്രമായ ഉത്തർപ്രദേശിൽ വിമത നീക്കങ്ങളുണ്ടായാൽ ബിജെപി പാളയത്തിൽ വലിയ വോട്ട് ചോർച്ചയുണ്ടാകും.

കോൺ​ഗ്രസിനേക്കാൾ പുതിയ സാഹചര്യം മുതലെടുക്കാൻ സമാജ് വാദി പാർട്ടിക്കാണ് അവസരം. ബം​ഗാളിൽ എതിർ ചേരിയിലുള്ള നേതാക്കളെ സ്വന്തം പാളയത്തിലെത്തിച്ച മമത ബാനർജിയെ തോൽപ്പിക്കാൻ നേരത്തെ ബിജെപി നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടിരുന്നു. തോൽവിക്ക് പിന്നാലെ കൂടുമാറിയവരെല്ലാം തൃണമൂലിലേക്ക് തിരികെ പോവുകയും ചെയ്തു. പഞ്ചാബിലെ പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ ബിജെപിക്ക് പ്രതീക്ഷിക്കാനേറിയില്ല. ആംആദ്മി പാർട്ടിയാവും പഞ്ചാബിൽ കൂടുതൽ മുന്നേറ്റമുണ്ടാക്കുകയെന്നും നിരീക്ഷകർ പറയുന്നു.

ഒബിസി നേതാവായ മൗര്യയുടെ അനുയായികളെ ഇത് കൂടുതൽ പ്രകോപിതരാക്കാനാണ് സാധ്യത. മൗര്യയ്ക്കൊപ്പം പുറത്തുവരാനിരിക്കുന്ന എംഎൽഎമാർ യോ​ഗിക്കെതിരെ നീക്കങ്ങൾ ശക്തമാക്കാനും സാധ്യതയുണ്ട്. സ്വന്തം പാളയത്തിലുണ്ടായ പടയൊരുക്കത്തിൽ പകച്ച യോ​ഗിക്ക് ഇനി കേന്ദ്ര നേതൃത്വത്തിന് നേരിട്ട് സഹായത്തിനെത്തിച്ചാലേ കാര്യങ്ങൾ വരുതിയിലാക്കാനാവൂ.