മലയാളിയായ എസ് സോമനാഥ് ഐഎസ്ആര്‍ഒ മേധാവി

തിരുവനന്തപുരം: എസ് സോമനാഥ് ഐഎസ്ആര്‍ഒ തലവന്‍. കെ ശിവന്‍ സ്ഥാനമൊഴിയുന്ന അവസരത്തില്‍ ഐഎസ്ആര്‍ഒയുടെ പുതിയ തലവനായി ഡോ എസ് സോമനാഥ് നിയമിതനായി. മൂന്ന് വര്‍ഷത്തേക്കാണ് പുതിയ ചെയര്‍മാന്റെ നിയമനം. തിരുവനന്തപുരം വിഎസ്എസ്സി ഡയറക്ടറാണ് നിലവില്‍ സോമനാഥ്.

2018 ജനുവരിയിലാണ് സോമനാഥ് വിഎസ്എസ്‌സി ഡയറക്ടറായി ചുമതലയേല്‍ക്കുന്നത്. അതിന് മുമ്പ് രണ്ടര വര്‍ഷം തിരുവനന്തപുരം വലിയമലയിലെ ലിക്വിഡ് പ്രൊപല്‍ഷന്‍ സിസ്റ്റംസ് സെന്ററിന്റെ മേധാവിയായിരുന്നു. ജിഎസ്എല്‍വി മാര്‍ക്ക് ത്രീ റോക്കറ്റിന്റെ വികസനത്തില്‍ നിര്‍ണായക പങ്ക് വഹിച്ചയാളാണ് സോമനാഥ്. ടികെഎം എഞ്ചിനിയറിംഗ് കോളേജില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനിയറിംഗില്‍ ബിരുദം നേടിയ സോമനാഥ്. ബെംഗളൂരു ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സില്‍ നിന്ന് എയറോസ്‌പേസ് എഞ്ചിനിയറിംഗില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കി.

1985ലാണ് സോമനാഥ് ഇസ്രൊയിലെത്തുന്നത്. വിഎസ്എസ്‌സിയില്‍ തന്നെയായിരുന്നു തുടക്കം. 2003ല്‍ ജിഎസ്എല്‍വി വികസന സംഘത്തിന്റെ ഭാഗമായി. 2010 മുതല്‍ 2014 വരെ ജിഎസ്എല്‍വി മാര്‍ക്ക് ത്രീ പ്രൊജക്ട് ഡയറക്ടറായിരുന്നു. വിക്ഷേപണ വാഹന സാങ്കേതിക വിദ്യയില്‍ രാജ്യത്തെ വിദഗ്ധ ശാസ്ത്രജ്ഞരില്‍ ഒരാളാണ് സോമനാഥ്.