ആലപ്പി രംഗനാഥ് അന്തരിച്ചു

സംഗീതജ്ഞനും ഗാനരചയിതാവുമായ ആലപ്പി രംഗനാഥ് അന്തരിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരം ശ്വാസംമുട്ടലിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കോവിഡ് പോസിറ്റീവായിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ ആയിരുന്നു അദ്ദേഹത്തിന്റെ അന്ത്യംഈ വർഷത്തെ ഹരിവരാസനം അവാർഡ് ജേതാവാണ്. കഴിഞ്ഞ ദിവസമാണ് അദ്ദേഹം പുരസ്‍കാരം സ്വീകരിച്ചത്. തുടർന്നാണ് കോവിഡ് പോസിറ്റീവായത്.രാഘവൻ മാഷിന്റെ “നാളീകേരത്തിന്റെ നാട്ടിലെനിയ്ക്കൊരു” എന്ന പ്രശസ്തമായ ഗാനത്തിന്റെ ഉപകരണ വാദകനായായിരുന്നു സിനിമാരംഗത്തേക്കുള്ള പ്രവേശനം. 1973ൽ പി എ തോമസ് സംവിധാനം ചെയ്ത ജീസസ് എന്ന സിനിമയിലൂടെ സ്വതന്ത്രസംഗീത സംവിധായകനായി. അഗസ്റ്റിൻ വഞ്ചിമല എഴുതിയ “ഓശാന, ഓശാന” എന്നതാണ് ആദ്യഗാനം.

ജീസസ് എന്ന ആദ്യ ചിത്രത്തിനു പുറമേ, ആരാന്റെ മുല്ല കൊച്ചുമുല്ല, പപ്പൻ പ്രിയപ്പെട്ട പപ്പൻ, പ്രിൻസിപ്പാൾ ഒളിവിൽ തുടങ്ങിയ സിനിമകൾക്കും സംഗീതം നൽകി. കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ ഫെലോഷിപ് ജേതാവാണ്. . മികച്ച സംഗീതസംവിധായകനുള്ള സംഗീതനാടക അക്കാദമി അവാർഡ് നേടിയിട്ടുണ്ട്. ഉച്ചയ്ക്ക് 2 മണിക്ക് ഏറ്റുമാനൂർ വെച്ചൂരിലെ വീട്ടുവളപ്പിൽ ആണ് സംസ്കാരം നിശ്ചയിച്ചിരിക്കുന്നത്. മന്ത്രി വി. എൻ. വസവന്റെ ഇടപെടലിനെ തുടർന്ന് പോസ്റ്റുമോർട്ടം ഒഴിവാക്കി ഇന്നലെ രാത്രി തന്നെ ഭൗതികദേഹം വീട്ടിൽ എത്തിച്ചു. കോവിഡ് കാരണം പൊതുദർശനവും ഒഴിവാക്കി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് നടക്കും.