.വന്നു പോകും മഞ്ഞും തണുപ്പും… പാടി തകര്‍ത്ത് ‘അപ്പനും മോനും’

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയുടെ ടൈറ്റില്‍ സോങ് റിലീസ് ചെയ്തു. വന്നു പോകും മഞ്ഞും തണുപ്പും എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് മോഹന്‍ലാലും പൃഥ്വിരാജും ചേര്‍ന്നാണ്. മധു വാസുദേവന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ദീപക് ദേവ് ആണ്. ചിത്രം 26ന് ഹോട്ട്‌സ്റ്റാറിലൂടെ പ്രദര്‍ശനത്തിനെത്തും. പാട്ടിന്റെ റിലീസുമായി ബന്ധപ്പെട്ട് ഗാനത്തെക്കുറിച്ചും പിന്നണിയിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പൃഥ്വിരാജും ദീപക് ദേവും സംസാരിക്കുന്ന വീഡിയോ മോഹന്‍ലാല്‍ നേരത്തെ പങ്കുവച്ചിരുന്നു. ‘ബ്രോ ഡാഡി എന്ന സിനിമയുടെ തിരക്കഥ ആദ്യം കേള്‍ക്കുമ്പോള്‍ ഇതിലെ പാട്ടിന്റെ സാഹചര്യത്തെ കുറിച്ച് ഒരു ചിന്ത ഉണ്ടായിരുന്നില്ല. ഒറിജിനല്‍ സ്‌ക്രിപ്റ്റില്‍ ഉണ്ടായിരുന്ന രണ്ട് മൂന്നു സീനുകള്‍ മാറ്റേണ്ടി വന്നപ്പോള്‍ അത് എങ്ങനെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കാം എന്ന ചിന്ത വന്നപ്പോഴാണ് ‘പറയാതെ വന്നെന്‍..’ എന്ന പാട്ടിനെ കുറിച്ച് ആലോചിക്കുന്നത്. അതുപോലെ തന്നെയാണ് ഈ ടൈറ്റില്‍ സോങ്ങും. സിനിമയുടെ കാസ്റ്റിംഗ് എല്ലാം കഴിഞ്ഞാണ് ഇതിന്റെ ടൈറ്റില്‍ ഗാനം ഒരു രണ്ട് മിനിറ്റ് അനിമേഷനായി ചെയ്താല്‍ കൊള്ളാമെന്ന് ആലോചിക്കുന്നത്. ഭാഗ്യ എന്ന ഒരു അനിമേഷന്‍ ആര്‍ട്ടിസ്റ്റാണ് പാട്ടിന്റെ ആനിമേഷന്‍ ചെയ്തിരിക്കുന്നത്”. എന്നായിരുന്നു പൃഥ്വിരാജ് പറഞ്ഞത്.

”അച്ഛനും മകനും തമ്മിലുള്ള ഒരു ഫ്രണ്ട്ഷിപ്പ് സോങ് ആണ് ഇത്. അതില്‍ പാട്ടു പാടാന്‍ ആരെ വെക്കും എന്നത് ഒരു വലിയ ചോദ്യചിഹ്ന മായിരുന്നു. പൃഥ്വിയെ എനിക്ക് കുറച്ചു വര്‍ഷമായി പരിചയമുള്ളതുകൊണ്ട് ഒരു കാര്യം ചെയ്യണമെന്ന് പറഞ്ഞാല്‍ അതൊഴിച്ച് ബാക്കിയെല്ലാം ചെയ്യും, അത് പറ്റില്ല എന്ന് പറയുകയും ചെയ്യും. അതുകൊണ്ട് ഞാന്‍ മനപൂര്‍വ്വം എന്റെ ആഗ്രഹം അറിയിച്ചില്ല. ഇനി പൃഥ്വി തന്നെ അത് ചെയ്യാം എന്ന് പറഞ്ഞാല്‍ അത് വേണ്ട എന്ന് പറയാം ഇന്നലെ ചെയ്യൂ എന്നും ഞാന്‍ കരുതി. പൃഥ്വി തന്നെയാണ് പറയുന്നത് ഞാനും ലാലേട്ടനും കൂടെ ഈ പാട്ട് പാടട്ടെ എന്ന്. അങ്ങനെയാണ് റെക്കോര്‍ഡ് ചെയ്യുന്നത്. ചെയ്തു വന്നപ്പോള്‍ ഇവരെ രണ്ടുപേരേക്കാളും നല്ല മറ്റൊരു കോമ്പിനേഷന്‍ വേറെ ഇനി ഇല്ല എന്നുതന്നെ തോന്നിപോയി.” ദീപക് ദേവ് പറഞ്ഞത് ഇങ്ങനെയായിരുന്നു.

മോഹന്‍ലാലിന്റെ മകന്റെ വേഷമാണ് ചിത്രത്തില്‍ പൃഥ്വിരാജ് ചെയ്യുന്നത്. മീന, കനിഹ, കല്യാണി പ്രിയദര്‍ശന്‍, ലാലു അലക്‌സ്, ജഗദീഷ്, സൗബിന്‍ എന്നിങ്ങനെ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീജിത്ത് ബിബിന്‍ തിരിക്കഥ നിര്‍വ്വഹിച്ച ചിത്രം ഒരു ഫാമി ലി ഡ്രാമയാണ്. ജൂലൈയിലാണ് ‘ബ്രോ ഡാഡി’ ചെയ്യുന്നു എന്ന പ്രഖ്യാപനം നടത്തിയിരുന്നത്. അഭിനന്ദ് രാമാനുജം ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ അഖിലേഷ് മോഹനാണ്.