രണ്ടാഴ്ചയ്ക്കുള്ളില്‍ രാജ്യത്തെ കോവിഡ് വ്യാപനം അതിതീവ്രമാകുമെന്ന് പഠനം

രണ്ടാഴ്ചയ്ക്കുള്ളില്‍ രാജ്യത്തെ കോവിഡ് വ്യാപനം അതിതീവ്രമാകുമെന്ന് പഠനം. ഈ മാസം 14 മുതല്‍ 21 വരെയുള്ള കാലയളവില്‍ കോവിഡിന്റെ ആര്‍ വാല്യു 1.57 ആയി കുറഞ്ഞുവെങ്കിലും രണ്ടാഴ്ചയ്ക്കുള്ളില്‍ സ്ഥിതി നിയന്ത്രണാതീതമാകുമെന്ന് ഐഐടി മദ്രാസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. രോഗം സ്ഥിരീകരിച്ച ഒരാളില്‍ നിന്ന് എത്ര പേര്‍ക്ക് അണുബാധ ഉണ്ടാകുന്നു എന്നത് സൂചിപ്പിക്കുന്നതാണ് ആര്‍ വാല്യു. ഈ നിരക്ക് ഒന്നില്‍ താഴെയായാല്‍ മാത്രമേ രോഗവ്യാപനം നിയന്ത്രണവിധേയമായി എന്ന് കണക്കാക്കാനാകൂ.ജനുവരി 14 മുതല്‍ 21 വരെ ആര്‍ വാല്യു 1.57 ആയിരുന്നു. ഏഴ് മുതല്‍ 13 വരെയുള്ള ദിവസങ്ങളില്‍ ആര്‍ വാല്യു 2.2 ആയിരുന്നെങ്കില്‍ ജനുവരി ആദ്യ ആഴ്ചയില്‍ നാല് ആണ് രേഖപ്പെടുത്തിയത്. ഡിസംബര്‍ 25 മുതല്‍ 31 വരെ ഇത് 2.9 ആയിരുന്നു.

മുംബൈ, ഡല്‍ഹി, ചെന്നൈ, കൊല്‍ക്കത്ത തുടങ്ങിയ പ്രധാന നഗരങ്ങളിലെ ആര്‍ വാല്യു യഥാക്രമം 0.67, 0.98, 1.2, 0.56 എന്നിങ്ങനെയാണെന്ന് ഐഐടിയിലെ കണക്ക് വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസറായ ഡോ. ജയന്ത് ഝാ പറയുന്നു. മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ ആര്‍ വാല്യു തീവ്രവ്യാപനം കഴിഞ്ഞതായാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ ഡല്‍ഹിയിലെയും ചെന്നൈയിലെയും ആര്‍ വാല്യും ഇപ്പോഴും ഒന്നിനോട് അടുത്താണ്.കോണ്‍ടാക്ട് ട്രേസിങ്ങിനുള്ള കുറച്ചുകൊണ്ടുള്ള ഐസിഎംആര്‍ മാര്‍ഗനിര്‍ദ്ദേശമാണ് നിലവില്‍ ആര്‍ വാല്യു കുറയാന്‍ കാരണമായതെന്ന് ഡോ. ജയന്ത് ഝാ പറയുന്നു. കോവിഡ് രോഗികളുമായി സമ്പര്‍ക്കമുണ്ടെങ്കിലും രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ പരിശോധനയ്ക്ക് വിധേയമാകേണ്ട എന്നാണ് മാര്‍ഗനിര്‍ദ്ദേശത്തില്‍ പറഞ്ഞിരുന്നത്.
അതേസമയം അടുത്ത രണ്ടാഴ്ചക്കുള്ളില്‍ കോവിഡ് അതിതീവ്രമാകുമെന്നും ഡോ. ഝാ പറഞ്ഞു. ഫെബ്രുവരി 1 മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ മൂന്നാം തരംഗം ആഞ്ഞടിക്കുമെന്നായിരുന്നു നേരത്തെ പ്രവചിച്ചിരുന്നത്.