മഹാരാഷ്ട്രയില്‍ 11 മാസത്തിനിടെ ജീവനൊടുക്കിയത് 2,498 കര്‍ഷകര്‍

മഹാരാഷ്ട്രയില്‍ 11 മാസത്തിനിടെ 2,498 കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായി വിവരാവകാശ റിപ്പോര്‍ട്ട്. 2021 ജനുവരി ഒന്നു മുതല്‍ 2021 നവംബര്‍ ഒന്നു വരെയുള്ള കാലയളവിലാണ് മഹാരാഷ്ട്രയില്‍ ഇത്രയധികം കര്‍ഷകര്‍ ആത്മഹത്യ ചെയ്തത്. 2020ല്‍ 2547 കര്‍ഷര്‍ ആത്മഹത്യ ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കര്‍ഷകരുടെ വായ്പകള്‍ എഴുതിത്തള്ളുന്ന പദ്ധതികളും കർഷകരെ സഹായിക്കാൻ സമാനമായ മറ്റ് പദ്ധതികളും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടും സാമ്പത്തിക ബാധ്യതകള്‍ കാരണം കര്‍ഷക ആത്മഹത്യകള്‍ സംസ്ഥാനത്ത് വര്‍ധിക്കുകയാണ്.

സംസ്ഥാനത്തെ പകുതിയോളം ആത്മഹത്യകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് വിദര്‍ഭയില്‍ നിന്നാണ്. അമരാവതി(331),യവത്മല്‍ (270) എന്നിവയാണ് കര്‍ഷക ആത്മഹത്യ നിരക്ക് കൂടിയ മറ്റ് ജില്ലകള്‍. എന്നാല്‍ കൊങ്കൺ മേഖലയില്‍ കഴിഞ്ഞ രണ്ട് വർഷത്തിനിടെ ആത്മഹത്യകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.2020 ൽ രാജ്യത്താകെ കാർഷിക മേഖലയിൽ 10,677 പേരാണ് ആത്മഹത്യ ചെയ്തത്. ഇത് രാജ്യത്തെ ആകെ ആത്മഹത്യകളുടെ ഏഴ് ശതമാനമാണ്. ഇതിൽ 5,579 കർഷകരുടെയും 5,098 കർഷകത്തൊഴിലാളികളുടെയും ആത്മഹത്യകളും ഉൾപ്പെടുന്നു. 4,006 ആത്മഹത്യകളോടെ മഹാരാഷ്ട്ര തന്നെയാണ് ഒന്നാം സ്ഥാനത്ത്. കർണാടക (2,016), ആന്ധ്രാപ്രദേശ് (889), മധ്യപ്രദേശ് (735) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്കുകള്‍.

കര്‍ഷക വായ്പകള്‍ എഴുതിത്തള്ളുന്നതിനപ്പുറം കര്‍ഷകര്‍ക്കായി കാര്യക്ഷമമായ പദ്ധതികള്‍ സർക്കാർ അവതരിപ്പിക്കേണ്ടതുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം. കർഷകരുടെ മാനസിക നിലയും ആത്മഹത്യയുടെ പ്രധാന കാരണങ്ങളിലൊന്നാണ്. വായ്പ എഴുതിത്തള്ളുന്നതിന് പകരം പാപ്പരായ കർഷകർക്കായി സർക്കാർ പാപ്പരത്ത പദ്ധതി കൊണ്ടുവരണമെന്നും നിര്‍ദേശങ്ങളുണ്ട്.